Friday, June 18, 2010

ആഗോളവത്ക്കരണം

സെയിന്‍റ് ജോര്‍ജ്ജു ലോഡ്ജു സാധാരണ ഉണരുന്നത് കുഞ്ഞുണ്ണിയുടെ പത്രവായന തീരുമ്പോളാണ്. ഞായറാഴ്ച ഒഴികെ. ഞായറാഴ്ച കുഞ്ഞുണ്ണി എഴുന്നേറ്റു വരുമ്പോഴേക്കും കൂടെ താമസിക്കുന്ന നസ്രാണി പയ്യന്മാര്‍ പള്ളിയില്‍ പോയിട്ടുണ്ടാകും.
അന്നൊരു ഞായറാഴ്ച്ച ദിവസം കുഞ്ഞുണ്ണി ഉറക്കമുണര്‍ന്നു ഒന്നാം നിലയിലെ മുറിയില്‍ നിന്നും ഇറങ്ങി വന്നു പത്രമെടുത്ത് വായന തുടങ്ങി. കുറച്ചു ഇടതുപക്ഷ ചായ്വുള്ള  കുഞ്ഞുണ്ണി പത്രമെടുത്താല്‍ ആദ്യം തിരയുന്നത് ചുവപ്പ് നേതാക്കള്‍ വല്ലതും മൊഴിഞ്ഞിട്ടുണ്ടോ എന്നാണ്.  പിന്നെ വല്ലോ പാതിരിമാരോ പിതാക്കന്മാരോ ചുവപ്പ് പ്രസ്ഥാനത്തിന്‍റെ എതിരെ വല്ലയിടത്തും എഴുതുകയോ വായികുക്കയോ ചെയ്തോ എന്ന് തിരയും.  അതിനു ശേഷമേ മറ്റു വാര്‍ത്തകളിലേക്ക് പോകു.  എന്തുതന്നെ ആയാലും ഒരൊറ്റ വാര്‍ത്ത‍ പോലും വിടാതെ വായിക്കണം എന്ന കണിശക്കാരനാണ് കുഞ്ഞുണ്ണി. രാഷ്ട്രിയം, കായികം, സാമുഹിക പ്രശ്നങ്ങള്‍, സിനിമ പിന്നെ അവസാനം ചരമവും വായിച്ചിട്ടെ അയാള്‍ പത്രം താഴെ വക്കു. ആഗോലവത്ക്കരണത്തെ കുറിച്ച് വാതോരാതെ പ്രസങ്ങിക്കുകയും പ്രസ്ത്താവനകള്‍ ഇറക്കുകയും ചെയുന്ന നേതാക്കളുടെ ചിത്രങ്ങള്‍ അന്നും ആ പത്രത്തില്‍ നിറഞ്ഞു കിടന്നു. ചിലര്‍ അനുകൂലിക്കുന്നവര്‍ മറ്റു ചിലര്‍ പ്രതികൂലിക്കുന്നവര്‍. ഒന്നും മനസ്സിലാകാതെ ഇതൊക്കെ കെട്ടും കണ്ടും നില്കുക്കയും, ഇരിക്കുകയും, കയ്യടിക്കുകയും ചെയ്യുന്ന ജനങ്ങളുടെ പടങ്ങളും ധാരാളം ഉണ്ടായിരുന്നു.
പലപ്പോഴും കുഞ്ഞുണ്ണിയും ചിന്തിക്കാറുണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ ആഗോളവത്ക്കരണം എന്ന്. പലരും പലതായി പറഞ്ഞു.  ഇത് വരെ ആരില്‍ നിന്നും ഒരു വ്യക്തമായ ഉത്തരം കുഞ്ഞുണ്ണിക്ക് കിട്ടിയില്ല. കൂടുതല്‍ ചിന്തിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ അയാളുടെ തലച്ചോറില്‍ മുളപൊട്ടി. ഒന്നിന്റെ  ഉത്തരം
തിരയുമ്പോള്‍ മറ്റൊരു ചോദ്യം ഉയര്‍ന്നു വരും. അങ്ങനെ ചോദ്യങ്ങില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായി തല പെരുക്കുമ്പോള്‍ കുഞ്ഞുണ്ണി തത്ക്കാലത്തേക്ക് ചിന്തകള്‍ക്ക് വിരാമം ഇടും. ഒരു അര്‍ദ്ധ വിരാമം. ഇന്നും പത്ര വായന കഴിഞ്ഞപ്പോള്‍ ഇതുപോലെ ഉള്ള ചോദ്യങ്ങള്‍ അയാളുടെ തലയിലോട്ട് ഇരച്ചു കയറി. വെറുതെ ഒന്നുമല്ല കൂടെ താമസിക്കുന്ന ആളുകള്‍ കുഞ്ഞുണ്ണിയെ അവിടുത്തെ ബുദ്ധിജീവിയായി കാണുന്നത്. കാട് കേറി ചിന്തിക്കാന്‍ കുഞ്ഞുണ്ണിക്കെ കഴിയൂ. പക്ഷെ എത്രയൊക്കെ ആലോചിച്ചുണ്ടാക്കിയാലും ആഗോളവത്ക്കരണം എന്താണെന്നു ഒറ്റ വാക്ക്യത്തില്‍ ഉത്തരം പറയാന്‍ പറഞ്ഞാല്‍ കുഞ്ഞുണ്ണി കുഴഞ്ഞു പോകും. അതൊക്കെ അറിയണേല്‍ എന്നും പത്രം വായിക്കണം എന്നു പറഞ്ഞു കുഞ്ഞുണ്ണി ഒറ്റ നടത്തം വച്ച് കൊടുക്കും. 
പള്ളിയില്‍ നിന്നും ആളുകള്‍ മടങ്ങി തുടങ്ങി. ചാര്‍ളിയും, ഡേവിസും പള്ളിയില്‍ നിന്ന് വന്നിട്ട് വേണം രാകേഷിനെയും അലക്സിനെയും കിടക്കയില്‍ നിന്നും കുത്തി പൊക്കാന്‍. ഒരു സത്യാ ക്രിസ്ത്യാനിയാണെന്ന് സ്വയം വിളംബരം ചെയ്തു നടക്കുന്ന അലക്സ്‌ പള്ളിയിലോന്നും പോയി മെനക്കെടാറില്ല. പാതിരാ കോഴി കൂവുന്നത് വരെ ഇന്‍റര്‍നെറ്റില്‍ ചാറ്റ് ചെയ്തു ഇരുന്നു, ആസനത്തില്‍ വെയിലടിക്കുന്നത് വരെ കിടന്നുറങ്ങുന്ന ആളാണ് അലക്സ്‌. അവനെ ഉണര്‍ത്തുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ കുഞ്ഞുന്നിക്കൊരു വല്ലായ്മ തോന്നി. ഹൊ, ഒരു മേനക്കെട്ട പണി തന്നെ അത്.
ഇങ്ങനെ ഓരോ ചിന്തകളുമായി കുഞ്ഞുണ്ണി ലോഡ്ജിന്റെ മുന്നിലെ പടിയിലിരുന്നു. ചാര്‍ളിയും ഡേവിസും പള്ളിയില്‍ നിന്ന് എത്തി.
"എടാ ഇന്നൊരു സിനിമക്ക് വിട്ടാലോ?"
കുഞ്ഞുണ്ണിക്കും ഡേവിസിനും രണ്ടാമത് ചിന്തിക്കാനില്ല. "ഓ ആവാം".
"എന്നാ പിന്നെ മറ്റേ രണ്ടിനേം  കൂടി വിളിച്ചേക്കാം", ചാര്‍ളി മുറിയിലോട്ട് നടന്നു. വേഗം ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു തയ്യാറാകാം എന്ന് കരുതി കുഞ്ഞുണ്ണിയും ഡേവിസും അടുത്തുള്ള ചായ കടയിലെക്കും പോയി.
ചാര്‍ളി മറ്റു രണ്ടു പേരെയും കൂട്ടി ഹോട്ടലില്‍ എത്തിയപ്പോഴെക്കും കുഞ്ഞുണ്ണിയും ഡേവിസും കൈ കഴുകി എഴുന്നെറ്റിരുന്നു.  മൂന്നു പുട്ടും കടലയും ഓര്‍ഡര്‍ കൊടുത്തു ചാര്‍ളി ഒരു ബെഞ്ചില്‍ ഇരുന്നു. രാകേഷും അലക്സും പൂര്‍ണ്ണമ്മായി ഉറക്കം വിട്ടു മാറാതെ മറ്റൊരു ബെഞ്ചില്‍ ഇരുന്നു. ചുടു ചായയും പിടിച്ചു കുഞ്ഞുണ്ണിയും ഡേവിസും ഹോട്ടലിന്റെ പുറത്തു, വഴി നടന്നു പോകുന്ന കുമാരിമാരെ നോക്കി അവരുടെ ഭംഗി ആസ്വദിച്ചു നിന്നു.
ഭക്ഷണം കഴിച്ചോണ്ടിരിക്കെ അലക്സ്‌ പറഞ്ഞു, " എടാ ഞാന്‍ ഇല്ല, നിങ്ങള്‍ പോയിട്ടു വാ ".
സിനിമ എന്നുകേട്ടാല്‍ ഏതു പാതാളത്തിലാനെങ്കിലും ഓടി എത്തുന്ന ഒരുത്തനാണ് ഇന്ന് ഇത് പറയുന്നത്.  ഇവനിതെന്തു പറ്റി എന്നതായിരുന്നു എല്ലാരുടെയും മനസ്സില്‍.
"ഉം എന്താ? നിനക്ക് ഇന്ന് ഇവിടെ എന്താ പണി?", ചാര്‍ളിക്ക് അറിയണം.
മൌനം.
ഒരു പുഞ്ചിരി അലക്സിന്‍റെ മുഖത്ത് കാണാം. വാതില്‍ക്കല്‍ നിന്നിരുന്നവര്‍ രണ്ടുപേരും ഹോട്ടലിന്റെ  അകത്തേക്ക് വന്നു. "എന്താടാ നിനക്കൊരു കള്ളച്ചിരി?", ഡേവിസ്‌ ചായ വലിച്ചു കുടിച്ചവസാനിപ്പിച്ചു ചോദിച്ചു. അലക്സ് കൈ കഴുകി അവരുടെ മുന്നില്‍ വന്നു പറഞ്ഞു, "ഇന്നെനിക്കൊരു ഡേറ്റ് ഉണ്ട്".
"എന്തോന്ന്?", കുഞ്ഞുണ്ണിക്ക് അത് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"എടാ ഈ കാശുള്ള പയ്യന്മാര് ചില കിളികളെ പുറത്തു കറങ്ങാന്‍  കൊണ്ടുപോയി കാശ് പൊടിച്ചു കളയില്ലേ തത്", ചാര്‍ളിയുടെ വിശധീകരണം.
എല്ലാവര്‍ക്കും ആകാംഷയായി, ഒപ്പം ആശ്ചര്യവും. രാകേഷ്‌ ചാടി കയറി ചോദിച്ചു, "ആരാ കക്ഷി? എടാ നിന്റെ കൂടെ പണിയെടുക്കുന്ന പുള്ളിക്കാരിയാണോ?"
"അല്ല"
"പിന്നെ?"
"വന്നു മൂന്നു മാസത്തിനുള്ളില്‍ നീ ഇതു ഏതു പെണ്ണിനെയാ വളച്ചേ?", ചാര്‍ളിക്ക് കൌതുകം.
"ഇത് ഇവിടുത്തെ പെണ്ണല്ല. നിങ്ങള്ക്ക് അറിയില്ല"
"പിന്നെ?", എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു.
അലക്സിനു ചെറിയ നാണം "ഇത് ഒരു റഷ്യക്കാരിയാ.... എല്ലാ ദിവസോം രാത്രി ചാറ്റ് ചെയ്തു ഒപ്പിച്ചതാ. അടുത്തുതന്നെ പറ്റിയാല്‍ ഞാന്‍ അവിടേക്ക് പോകുന്നുണ്ട്.  അവിടുത്തെ ചിലവോക്കെ അവളെടുത്തോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഒത്താല്‍ ഒരു ഉഗ്രന്‍ ട്രിപ്പ്‌. വിമാന കൂലി ഞാന്‍ ഒപ്പിക്കുനുണ്ട്."
അലക്സ് വാച്ചില്‍ ഒന്ന് നൊക്കി
"ഹൊ നെരമായല്ലോ" എന്നിട്ട് തിടുക്കത്തില്‍ ചായ കുടിച്ചു തീര്‍ത്തു. "അപ്പൊ ശരി ഞാന്‍ പോട്ടെ. അവള്‍ ചാറ്റില്‍ വന്നു കാണും. നിങ്ങള്‍ വിട്ടോ" അവന്‍ വേഗം ലോഡ്ജിന്‍റെ പടികള്‍ ഓടി കയറി. മറ്റുള്ളവര്‍ തങ്ങള്‍ എന്താണ്  കാണുന്നത് എന്ന് മനസ്സിലാകാതെ ഒരു നിമിഷം നിശബ്ദരായി ഏതോ ആലോചനയില്‍ മുഴുകി നിന്നു.
കുഞ്ഞുണ്ണി തന്നോടെന്ന പോലെ പിറുപിറുത്തു "ഹൊ, അപ്പൊ ഇതാണ് ആഗോളവത്ക്കരണം......."

1 comment:

ഹംസ said...

"ഹൊ, അപ്പൊ ഇതാണ് ആഗോളവത്ക്കരണം......."
അതെ ഇതു തന്നെയാണ് ആഗോളവത്കരണം..!