Saturday, September 4, 2010

മറുക്

നാല് മണിക്ക് കൂട്ട മണിയടിച്ചു. സ്കൂള്‍ വിട്ടു. എല്ലാവരും തിടുക്കത്തില്‍ സ്കൂള്‍ ബാഗ് ഒതുക്കി. സ്കൂള്‍ ബസ്സില്‍ പോകാനുള്ള കുട്ടികള്‍ വേഗം ക്ലാസ്സില്‍ നിന്നും ഓടി. ബസ്സില്‍ ആദ്യം എത്തിയാലെ സീറ്റ്‌ കിട്ടു. കൂടുതല്‍ വേഗത്തില്‍ ഓടി ആദ്യം എത്തിയാലെ ജനാല സീറ്റ്‌ കിട്ടുകയുള്ളൂ. വെള്ളിയാഴ്ച്ച ആയതിനാല്‍ കുറച്ചു ആണ്‍കുട്ടികള്‍ ബാഗ് ഒതുക്കി വേഗം ഗ്രൌണ്ടിലേക്ക് പാഞ്ഞു. ക്രികറ്റും ഫുട്ബോളും കളിയ്ക്കാന്‍. പെണ്‍കുട്ടികളില്‍ ചിലര്‍ കല്ലുകളിക്കാനും വെറുതെ സോറ പറയാനും ഗ്രൌണ്ടിന്‍റെ വശങ്ങളില്‍ ഉള്ള മാവിന്‍ തറയിലെക്കും സ്കൂളിന്‍റെ ചെറിയ പാര്‍ക്കിലേക്കും പോയി.എങ്ങും പോകാന്‍ തിടുക്കം കാട്ടാതെ രോഹിണി ക്ലാസ്സില്‍ തന്നെ ഇരുന്നു. ഒരു മടിച്ചിയെ പോലെ ബാഗ്  പതുക്കെ ഒതുക്കി. ജാന്സിയും തെരേസയും അവളെ വിളിച്ചപ്പോള്‍ "എനിക്ക് സുകല്യ നിങ്ങള് പോയ്ക്കോ " എന്ന് പറഞ്ഞു ഒഴിഞ്ഞു. മനസ്സില്‍ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. എല്ലാവരും പോയി എന്ന് ഉറപ്പായപ്പോള്‍ അവള്‍ പതുക്കെ എഴുന്നേറ്റ് ക്ലാസില്‍ ഒന്ന് നടന്നു. അവസാനത്തെ പിരിടിലെ ടിച്ചര്‍ എഴുതി നിറച്ച ആ കറുത്ത ബോര്‍ഡ്‌ മായ്ച്ചു വൃത്തിയാക്കി തുടങ്ങി. നനഞ്ഞ തുണി കൊണ്ട് മായ്‌ക്കുമ്പോള്‍ അടര്‍ന്നു വിഴുന്ന വെളുത്ത ചോക്ക് പൊടിയെ അവള്‍ നോക്കി ആസ്വദിച്ചു. നനവ്‌ പടരുമ്പോള്‍ ബോര്‍ഡിന്‍റെ കറുപ്പിന് കട്ടി കൂടുന്നതും അവള്‍ കണ്ടു. എന്തോ ഒരു സുഖം തോന്നി അത് കാണുമ്പോള്‍.

ബോര്‍ഡു വൃതിയക്കിയിട്ട് അവള്‍ ജനാലയുടെ അടുത്ത് കുറച്ചു നേരം വന്നു നിന്ന്. പുറത്തേക്കു ഒന്ന് നോക്കി എല്ലാവരും എന്ത് ചെയ്യുന്നു എന്ന് കണ്ടു. അവള്‍ എന്തോ ഓര്‍ത്തെന്ന പോലെ വേഗം തന്റെ ബാഗിന്റെ അടുത്ത് വന്നിരുന്നു. മലയാള പാഠപുസ്തകം തുറന്നു. അതിലെ ആ ഫോട്ടോസ്റ്റാറ്റ് കടലാസ്സു എടുത്തു അവളുടെ മുന്നില്‍ വച്ചു. തന്‍റെ പേനയെടുത്തു പിടിച്ചു.

എസ്. എസ്. എല്‍. സി ബുക്കിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയിലൂടെ രോഹിണി കണ്ണോടിച്ചു. തിന്ഗളാഴ്ച ഇത് പൂരിപ്പിച്ചു ക്ലാസ്സ്‌ ടീച്ചര്‍ക്ക് കൊടുക്കണം. ഏറ്റവും ആദ്യം രോഹിണി നോക്കിയത് തന്‍റെ ഒപ്പ് എവിടെ ഇടണം എന്നുള്ളതാണ്. ജീവിതത്തില്‍ താന്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കടലാസ്സില്‍ ഒപ്പിടുകയാണ്. അതില്‍ ഇടുന്ന ഓപ്പണ് ഇനി തന്നെ തിരിച്ചറിയുന്ന ഒരു വഴി. അതാണ്‌ താന്‍ ജീവിതത്തില്‍ എപ്പോഴും ഉപയോഗിക്കാന്‍ പോകുന്നതും. ആ കടലാസ്സില്‍ ചേര്‍ക്കാന്‍ പോകുന്ന ഒപ്പിന്‍റെ പ്രാധാന്യം രോഹിണി ഒരു മാസം മുന്‍പേ മനസ്സിലാക്കിയിരുന്നു. കുറച്ചു നാളായി ഒരു നല്ല ഒപ്പുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. പലതും പരീഷിച്ചു. പലതും എഴുതിനോക്കി. പലരുടെയും ഒപ്പ് ശ്രദ്ധിച്ചു. അച്ഛന്‍റെ, അമ്മയുടെ, ചെട്ടന്‍റെ, ടിച്ചര്‍മാരുടെ, കൂട്ടുകാരികളുടെ, അങ്ങനെ പറ്റുന്നവരുടെ ഒക്കെ. അങ്ങനെ ഒരു ഒപ്പ് തരപ്പെടുത്തിയെടുക്കാന്‍ മെനക്കെടുംമ്പോളാണ് ഒരു 100 രൂപ നോട്ടില്‍ റിസര്‍ ബാങ്ക് ഗവര്‍ണറുടെ ഒപ്പ് രോഹിണി കാണുന്നത്. കൊള്ളാം. ഇത് പോലെ ഒരെണ്ണം മതി. അതിന്‍റെ പ്രത്യേകത രോഹിണി തന്‍റെ ഒപ്പിലും അനുകരിച്ചു. താഴെ കുത്തുകള്‍ ഇല്ലാതെ നല്ല വലുപ്പത്തില്‍ പരന്നു കിടക്കുന്ന ഒപ്പ്. രോഹിണിയുടെ "ഐ" നു മാത്രം മതി കുത്തുകള്‍. "എന്‍" ന്‍റെ വാല് നീട്ടുകയും വേണം. അങ്ങന കുറെ മെനക്കെട്ടു ശരിപ്പെടുത്തിയിട്ട ഒപ്പ് അവള്‍ ആ കടലാസ്സില്‍ ഒപ്പിന്‍റെ സ്ഥാനത് എഴുതി ചേര്‍ത്തു. ജോറായിട്ടുണ്ട്. ഹും അത്ര മോശമല്ല സൃഷ്ടി. അവള്‍ക്കു അഭിമാനം തോന്നി. തന്‍റെ മുന്നിലുള്ള കടലാസില്‍ മലര്‍ന്നു കിടന്ന ഒപ്പിനെ നോക്കി ഇരുന്നപ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.

ഇനി എന്തൊക്കെയാണ് ഇതില്‍ പൂരിപ്പിക്കേണ്ടത്? അവള്‍ തുടക്കം മുതല്‍ വായിച്ചു തുടങ്ങി. ഒരു ഫോട്ടോ വേണം. അത് വീടിനടുത്തുള്ള 'ചിലംഗ' സ്റ്റുഡിയോവില്‍ പോയി എടുത്തിട്ടുണ്ട്. നാളെ അത് വേടിക്കണം. പിന്നെ പേര്, അച്ഛന്‍റെ പേര്, അമ്മയുടെ പേര്, വിലാസം, ജനന തിയതി, അങ്ങനെ ഓരോന്ന് അവള്‍ വായിച്ചു. കടലാസില്‍ ഒരിടത്തു കണ്ണെത്തിയതും അവള്‍ അതും നോക്കി ഇരുന്നു. മറുക് എന്നെഴുതി രണ്ടു വര. ഒരു മറുക് പോര രണ്ടെണ്ണം വേണം. തന്‍റെ ശരീരത്തില്‍ മറുകുണ്ടോ എന്ന് ചിന്തിച്ചു രോഹിണി കുറച്ചു നേരം പുറത്തോട്ടു നോക്കി ഇരുന്നു.

കൂടെ ഉള്ള കൂട്ടുകാരികളുടെ കാര്യം അവള്‍ ഓര്‍ത്തു നോക്കി. രേഷ്മയ്ക്ക് കവിളത്ത് ഒരു കാക്ക പുള്ളിയുണ്ട്.  ഹെമക്ക് കൈതണ്ടയിലും ഉണ്ട് ഒരു മറുക്. സഹിറാക്ക് കഴുത്തിന്‍റെ പിന്നില്‍ ഒരു പുള്ളിയുണ്ട്. അതിനെ ഇക്കിളി പുള്ളി എന്നാണ് അവള്‍ വിളിക്കുന്നത്. ആരെങ്കിലും മറുകില്‍ തൊട്ടാല്‍ അവള്‍ക്കു ഇക്കിളിയാകുമത്രെ. അപ്പോള്‍ തനിക്ക് ഒരു കാക്കപ്പുള്ളിയോ, മറുകോ ഇല്ലേ. ചിന്തകള്‍ കാട് കേറി പോയി.

മുഖത്തെ കുറിച്ചോര്‍ത്തു. ഇല്ല ഒന്നുമില്ല. കഴുത്തിലുണ്ടോ? അറിയില്ല. വീട്ടില്‍ ചെന്നിട്ട് കണ്ണാടിയില്‍ നോക്കണം. കൈതണ്ടകള്‍ പരിശോധിച്ചു. ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി നോക്കി. ഇല്ല ഒന്നും കാണാനില്ല. ഒരു മറുക് പോലും ഇല്ലാതെ ആണോ താന്‍ ഉണ്ടായതു? സ്കൂള്‍ ഷൂസ് ഊരി പാതങ്ങള്‍ മറുകിന് വേണ്ടി തിരഞ്ഞു. ഒരു രക്ഷയുമില്ല. രണ്ടു കനങ്ങാലിനു മുകളിലും വിഫലമായ തിരച്ചില്‍. നല്ല ഭംഗിയുള്ള കാലുകള്‍ പക്ഷെ ഒറ്റ മറുകില്ല.

മുട്ടിനു താഴെ ഇറങ്ങി കിടക്കുന്ന പാവാട ഒന്ന് പൊക്കി മുട്ടുകള്‍ നോക്കണം. രണ്ടു മുട്ടിന്മേലെങ്ങിലും ഒരു മറുക് ഉണ്ടാകാതിരിക്കില്ല. പക്ഷെ ആരെങ്കിലും കണ്ടാലോ. വീട്ടിലെത്തുന്നത് വരെ കാത്തിരിക്കാന്‍ രോഹിണിക്ക് ക്ഷമയില്ല. അവള്‍ നാലുപാടും കണ്ണോടിച്ചു. ഇല്ല ആരും വരുന്നില്ല. വ്രാന്തയിലെക്കുള്ള ജനാലയില്‍ കൂടെ അവള്‍ നോക്കി. ഇല്ല ഈ നേരത്തു ആരും വരാന്‍ വഴിയില്ല. അവള്‍ പാവാട മുട്ടൊളം പൊക്കി. പരിശോധന തുടങ്ങി. പരിശോധനയുടെ തീവ്രത കൊണ്ടും ഒരു മറുക് കണ്ടുപിടിക്കാനുള്ള ആവേശം കൊണ്ടും അവള്‍ തന്‍റെ പാവാട കുറച്ചു കൂടി തെറുത്തു കയറ്റി മുട്ടിന്റെ മേല്‍ ഭാഗം മുതല്‍ അങ്ങ് താഴോട്ടു കനങ്ങാല്‍  വരെ സൂഷ്മമായ നിരീഷണം തുടര്‍ന്നു.

മറുകിനു വേണ്ടി തിരയുന്ന രോഹിണിയെ കണ്ടു കൊണ്ടാണ് വെളവന്‍ പത്രോസ് അവിടേക്ക് കയറി വന്നത്.  പീറ്റര്‍ എന്നാണ് പേരെങ്കിലും ക്ലാസ്സിലെ എല്ലാരും അവനെ വെളവന്‍ എന്നാണ് വിളിച്ചിരുന്നത്‌. നാവിന് ഇരുതല വാളിന്‍റെ മൂര്‍ച്ചയുള്ള ആള്‍. ടീച്ചര്‍മാര് പോലും അവനോടു സൂക്ഷിച്ചേ സംസാരിക്കു. നാലാളുടെ മുന്നില്‍ ഒരുത്തനെ നാണം കെടുത്താന്‍ വെളവന് അതികം ചിന്തിക്കേണ്ടതില്ല. രോഹിണിയുടെ ഇരിപ്പ് കണ്ടു കയറി വന്ന വെളവന്‍ ഒന്ന് അന്ധാളിച്ചു നിന്ന്. അവള്‍ അവനെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടിയെങ്ങിലും, ഒന്നും സംഭവിക്കാത്ത മട്ടില്‍ പാവാട സാധാരണ രീതിയിലാക്കി പുറത്തോട്ടു നോക്കി ഇരുന്നു.

"എന്താടി, നീ ചോര ചിന്തി രക്തസാക്ഷിയാകുന്ന ദിവസമാണോ ഇന്ന്? എന്താ നിനക്കൊരു വയ്യായ? " പത്രോസിന്‍റെ ചോദ്യം.  "ഹേയ്" എന്ന് പറഞ്ഞു രോഹിണി പുറത്തു സ്കൂള്‍ ഗ്രൌണ്ടില്‍ കുട്ടികള്‍ കളിക്കുന്നത് നോക്കി തന്നെ ഇരുന്നു. വെളവന്‍ ഒരു കള്ളച്ചിരിയോടെ തന്‍റെ ബാഗുമെടുത്തു പോയി. രണ്ടു നിമിഷം കഴിഞ്ഞാണ് രോഹിണിക്ക് ആ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായത്‌. "ഫ്ഫ" എന്നൊരു ആട്ട് കൊടുക്കാന്‍ അവള്‍ തിരിഞ്ഞപ്പോഴെക്കും വെളവന്‍ സ്ഥലം കാലിയാക്കിയിരുന്നു. "ഹും, അസത്ത്" എന്ന് മനസ്സില്‍ പറഞ്ഞു രോഹിണി തന്‍റെ ബാഗും എടുത്തു വീട്ടിലേക്ക് പുറപ്പെട്ടു.

തിങ്ങലാഴ്ച രാവിലെ അസംബ്ളി കഴിഞ്ഞു തിരികെ ക്ലാസിലേക്ക് നടക്കുമ്പോള്‍ രോഹിണിയുടെ മനസ്സില്‍ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. ആ രണ്ടാമത്തെ മറുക് എഴുതണോ വേണ്ടയോ എന്ന്. ചെറുപ്പത്തില്‍ അച്ഛന്‍റെ സ്കൂട്ടറില്‍ നിന്ന് വീണതിന്റെ മുറിപ്പാട് മുട്ടിലുള്ളത് ഒന്നാമത്തെ വരയില്‍ പൂരിപ്പിച്ചു.  രണ്ടാമത്തെ വര ഒഴിഞ്ഞു തന്നെ കിടന്നു.

ക്ലാസ്സിലെത്തി. ആദ്യത്തെ പിരീഡ് തുടങ്ങി. ആകെ ബഹളമയം. ടീച്ചര്‍ ഓരോരുത്തരെ ആയി വിളിച്ചു അവരവരുടെ കയ്യിലുള്ള പൂരിപ്പിച്ച കടലാസ്സുകള്‍ വാങ്ങി പരിശോധിച്ചു. തെറ്റുള്ളവരുടെ തിരുത്ത് ടീച്ചര്‍ നടത്തി.  സമയം ഇഴഞ്ഞു നീങ്ങി. ക്ലാസ്സില്‍ ബഹളം കൂടി വന്നപ്പോള്‍ ടീച്ചര്‍ അലറി. "സൈലന്‍സ് പ്ലീസ്‌, എല്ലാരും എന്തേലും റിവിഷന്‍ കഴിച്ചേ അടുത്ത ആഴ്ച മോഡല്‍ പരീക്ഷയല്ലേ." ടീച്ചര്‍ തന്‍റെ ജോലി തുടര്‍ന്നു.  പിരീഡ് കഴിയാന്‍ അഞ്ചു നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ടിച്ചര്‍ രോഹിണിയുടെ പേര് വിളിച്ചു. "ഹോ നാശം" എന്ന് മനസ്സില്‍ ശപിച്ചു അവള്‍ കടലാസ്സുമായി ടിച്ചരുടെ അടുത്തേക്ക് നടന്നു. സമയം കഴിഞ്ഞിരുന്നേല്‍ ഇത് സ്റ്റാഫ്‌ റൂമില്‍ പോയി കൊടുക്കാമായിരുന്നു. പക്ഷെ ദൈവം ചതിച്ചു.
ടിച്ചര്‍ കടലാസ്സു വേടിച്ചു പരിശോധിച്ചു.
"എവിടെ രണ്ടാമത്തെ മറുക്? ഒന്ന് മാത്രെ ഇതില്‍ ഉള്ളുല്ലോ?"
"രണ്ടു മറുകില്ല"
"ഇല്ലേ?"
"ഇല്ല"
"അത് പറ്റില്ല. ഒന്ന് കൂടി നോക്ക് എവെടെയെങ്ങിലും ഒരെണ്ണം കൂടി കാണും"

ക്ലാസ്സിന്‍റെ നിശബ്ദതയില്‍ ചില വികൃതി തലകള്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും പൊങ്ങി. പുറം തിരിഞ്ഞു നിന്ന് പരുങ്ങുന്ന രോഹിണിയും അവളോട്‌ സംസാരിക്കുന്ന ടിച്ചറെയും അവര്‍ കണ്ടു. അവരുടെ സംഭാഷണം അവര്‍ ശ്രദ്ധിച്ചു. ആ പല തലകളില്‍ ഒരെണ്ണം വേളവന്‍ പത്രോസിന്‍റെ ആയിരുന്നു.
"എന്താ അവളുടെ പ്രശ്നം?", വേലവന്റെ ആരോടെന്നില്ലാത്ത ചോദ്യം.
"അവള്‍ക്കു ഒരു മറുകെ ഉള്ളു ", ഏതോ മുന്‍ ബെഞ്ച് കാരന്‍റെ ഉത്തരം.
"പാവം" വെളവന്‍റെ സഹതാപം.
രോഹിണി ഷര്‍ട്ടിന്‍റെ ആദ്യത്തെ കുടുക്ക് അഴിച്ചു ടിച്ചറോട് പറഞ്ഞു, "ദ ഇവിടെ ഒരെണ്ണം ഉണ്ട്."
"ആ, എ ബ്ലാക്ക് മോള് ഓണ്‍ ദി ചെസ്റ്റ്‌", എന്ന് പറഞ്ഞു കൊണ്ട് കടലാസ്സില്‍ പൂരിപ്പിച്ചു.
"എടിയേ, അത് മറുകല്ലാ എല്ലാര്‍ക്കും ഒള്ളതാ", വെളവന്‍റെ കമന്‍റ് ക്ലാസ്സിന്‍റെ നിശബ്ദതയെ തുളച്ചു കീറിയതും, മണി അടിച്ചതും ഒരുമിച്ചായിരുന്നു. ക്ലാസ്സില്‍ ചിരിയുടെ സുനാമി തിരമാലകള്‍ അടിച്ചു കയറി.......

Friday, June 18, 2010

ആഗോളവത്ക്കരണം

സെയിന്‍റ് ജോര്‍ജ്ജു ലോഡ്ജു സാധാരണ ഉണരുന്നത് കുഞ്ഞുണ്ണിയുടെ പത്രവായന തീരുമ്പോളാണ്. ഞായറാഴ്ച ഒഴികെ. ഞായറാഴ്ച കുഞ്ഞുണ്ണി എഴുന്നേറ്റു വരുമ്പോഴേക്കും കൂടെ താമസിക്കുന്ന നസ്രാണി പയ്യന്മാര്‍ പള്ളിയില്‍ പോയിട്ടുണ്ടാകും.
അന്നൊരു ഞായറാഴ്ച്ച ദിവസം കുഞ്ഞുണ്ണി ഉറക്കമുണര്‍ന്നു ഒന്നാം നിലയിലെ മുറിയില്‍ നിന്നും ഇറങ്ങി വന്നു പത്രമെടുത്ത് വായന തുടങ്ങി. കുറച്ചു ഇടതുപക്ഷ ചായ്വുള്ള  കുഞ്ഞുണ്ണി പത്രമെടുത്താല്‍ ആദ്യം തിരയുന്നത് ചുവപ്പ് നേതാക്കള്‍ വല്ലതും മൊഴിഞ്ഞിട്ടുണ്ടോ എന്നാണ്.  പിന്നെ വല്ലോ പാതിരിമാരോ പിതാക്കന്മാരോ ചുവപ്പ് പ്രസ്ഥാനത്തിന്‍റെ എതിരെ വല്ലയിടത്തും എഴുതുകയോ വായികുക്കയോ ചെയ്തോ എന്ന് തിരയും.  അതിനു ശേഷമേ മറ്റു വാര്‍ത്തകളിലേക്ക് പോകു.  എന്തുതന്നെ ആയാലും ഒരൊറ്റ വാര്‍ത്ത‍ പോലും വിടാതെ വായിക്കണം എന്ന കണിശക്കാരനാണ് കുഞ്ഞുണ്ണി. രാഷ്ട്രിയം, കായികം, സാമുഹിക പ്രശ്നങ്ങള്‍, സിനിമ പിന്നെ അവസാനം ചരമവും വായിച്ചിട്ടെ അയാള്‍ പത്രം താഴെ വക്കു. ആഗോലവത്ക്കരണത്തെ കുറിച്ച് വാതോരാതെ പ്രസങ്ങിക്കുകയും പ്രസ്ത്താവനകള്‍ ഇറക്കുകയും ചെയുന്ന നേതാക്കളുടെ ചിത്രങ്ങള്‍ അന്നും ആ പത്രത്തില്‍ നിറഞ്ഞു കിടന്നു. ചിലര്‍ അനുകൂലിക്കുന്നവര്‍ മറ്റു ചിലര്‍ പ്രതികൂലിക്കുന്നവര്‍. ഒന്നും മനസ്സിലാകാതെ ഇതൊക്കെ കെട്ടും കണ്ടും നില്കുക്കയും, ഇരിക്കുകയും, കയ്യടിക്കുകയും ചെയ്യുന്ന ജനങ്ങളുടെ പടങ്ങളും ധാരാളം ഉണ്ടായിരുന്നു.
പലപ്പോഴും കുഞ്ഞുണ്ണിയും ചിന്തിക്കാറുണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ ആഗോളവത്ക്കരണം എന്ന്. പലരും പലതായി പറഞ്ഞു.  ഇത് വരെ ആരില്‍ നിന്നും ഒരു വ്യക്തമായ ഉത്തരം കുഞ്ഞുണ്ണിക്ക് കിട്ടിയില്ല. കൂടുതല്‍ ചിന്തിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ അയാളുടെ തലച്ചോറില്‍ മുളപൊട്ടി. ഒന്നിന്റെ  ഉത്തരം
തിരയുമ്പോള്‍ മറ്റൊരു ചോദ്യം ഉയര്‍ന്നു വരും. അങ്ങനെ ചോദ്യങ്ങില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായി തല പെരുക്കുമ്പോള്‍ കുഞ്ഞുണ്ണി തത്ക്കാലത്തേക്ക് ചിന്തകള്‍ക്ക് വിരാമം ഇടും. ഒരു അര്‍ദ്ധ വിരാമം. ഇന്നും പത്ര വായന കഴിഞ്ഞപ്പോള്‍ ഇതുപോലെ ഉള്ള ചോദ്യങ്ങള്‍ അയാളുടെ തലയിലോട്ട് ഇരച്ചു കയറി. വെറുതെ ഒന്നുമല്ല കൂടെ താമസിക്കുന്ന ആളുകള്‍ കുഞ്ഞുണ്ണിയെ അവിടുത്തെ ബുദ്ധിജീവിയായി കാണുന്നത്. കാട് കേറി ചിന്തിക്കാന്‍ കുഞ്ഞുണ്ണിക്കെ കഴിയൂ. പക്ഷെ എത്രയൊക്കെ ആലോചിച്ചുണ്ടാക്കിയാലും ആഗോളവത്ക്കരണം എന്താണെന്നു ഒറ്റ വാക്ക്യത്തില്‍ ഉത്തരം പറയാന്‍ പറഞ്ഞാല്‍ കുഞ്ഞുണ്ണി കുഴഞ്ഞു പോകും. അതൊക്കെ അറിയണേല്‍ എന്നും പത്രം വായിക്കണം എന്നു പറഞ്ഞു കുഞ്ഞുണ്ണി ഒറ്റ നടത്തം വച്ച് കൊടുക്കും. 
പള്ളിയില്‍ നിന്നും ആളുകള്‍ മടങ്ങി തുടങ്ങി. ചാര്‍ളിയും, ഡേവിസും പള്ളിയില്‍ നിന്ന് വന്നിട്ട് വേണം രാകേഷിനെയും അലക്സിനെയും കിടക്കയില്‍ നിന്നും കുത്തി പൊക്കാന്‍. ഒരു സത്യാ ക്രിസ്ത്യാനിയാണെന്ന് സ്വയം വിളംബരം ചെയ്തു നടക്കുന്ന അലക്സ്‌ പള്ളിയിലോന്നും പോയി മെനക്കെടാറില്ല. പാതിരാ കോഴി കൂവുന്നത് വരെ ഇന്‍റര്‍നെറ്റില്‍ ചാറ്റ് ചെയ്തു ഇരുന്നു, ആസനത്തില്‍ വെയിലടിക്കുന്നത് വരെ കിടന്നുറങ്ങുന്ന ആളാണ് അലക്സ്‌. അവനെ ഉണര്‍ത്തുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ കുഞ്ഞുന്നിക്കൊരു വല്ലായ്മ തോന്നി. ഹൊ, ഒരു മേനക്കെട്ട പണി തന്നെ അത്.
ഇങ്ങനെ ഓരോ ചിന്തകളുമായി കുഞ്ഞുണ്ണി ലോഡ്ജിന്റെ മുന്നിലെ പടിയിലിരുന്നു. ചാര്‍ളിയും ഡേവിസും പള്ളിയില്‍ നിന്ന് എത്തി.
"എടാ ഇന്നൊരു സിനിമക്ക് വിട്ടാലോ?"
കുഞ്ഞുണ്ണിക്കും ഡേവിസിനും രണ്ടാമത് ചിന്തിക്കാനില്ല. "ഓ ആവാം".
"എന്നാ പിന്നെ മറ്റേ രണ്ടിനേം  കൂടി വിളിച്ചേക്കാം", ചാര്‍ളി മുറിയിലോട്ട് നടന്നു. വേഗം ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു തയ്യാറാകാം എന്ന് കരുതി കുഞ്ഞുണ്ണിയും ഡേവിസും അടുത്തുള്ള ചായ കടയിലെക്കും പോയി.
ചാര്‍ളി മറ്റു രണ്ടു പേരെയും കൂട്ടി ഹോട്ടലില്‍ എത്തിയപ്പോഴെക്കും കുഞ്ഞുണ്ണിയും ഡേവിസും കൈ കഴുകി എഴുന്നെറ്റിരുന്നു.  മൂന്നു പുട്ടും കടലയും ഓര്‍ഡര്‍ കൊടുത്തു ചാര്‍ളി ഒരു ബെഞ്ചില്‍ ഇരുന്നു. രാകേഷും അലക്സും പൂര്‍ണ്ണമ്മായി ഉറക്കം വിട്ടു മാറാതെ മറ്റൊരു ബെഞ്ചില്‍ ഇരുന്നു. ചുടു ചായയും പിടിച്ചു കുഞ്ഞുണ്ണിയും ഡേവിസും ഹോട്ടലിന്റെ പുറത്തു, വഴി നടന്നു പോകുന്ന കുമാരിമാരെ നോക്കി അവരുടെ ഭംഗി ആസ്വദിച്ചു നിന്നു.
ഭക്ഷണം കഴിച്ചോണ്ടിരിക്കെ അലക്സ്‌ പറഞ്ഞു, " എടാ ഞാന്‍ ഇല്ല, നിങ്ങള്‍ പോയിട്ടു വാ ".
സിനിമ എന്നുകേട്ടാല്‍ ഏതു പാതാളത്തിലാനെങ്കിലും ഓടി എത്തുന്ന ഒരുത്തനാണ് ഇന്ന് ഇത് പറയുന്നത്.  ഇവനിതെന്തു പറ്റി എന്നതായിരുന്നു എല്ലാരുടെയും മനസ്സില്‍.
"ഉം എന്താ? നിനക്ക് ഇന്ന് ഇവിടെ എന്താ പണി?", ചാര്‍ളിക്ക് അറിയണം.
മൌനം.
ഒരു പുഞ്ചിരി അലക്സിന്‍റെ മുഖത്ത് കാണാം. വാതില്‍ക്കല്‍ നിന്നിരുന്നവര്‍ രണ്ടുപേരും ഹോട്ടലിന്റെ  അകത്തേക്ക് വന്നു. "എന്താടാ നിനക്കൊരു കള്ളച്ചിരി?", ഡേവിസ്‌ ചായ വലിച്ചു കുടിച്ചവസാനിപ്പിച്ചു ചോദിച്ചു. അലക്സ് കൈ കഴുകി അവരുടെ മുന്നില്‍ വന്നു പറഞ്ഞു, "ഇന്നെനിക്കൊരു ഡേറ്റ് ഉണ്ട്".
"എന്തോന്ന്?", കുഞ്ഞുണ്ണിക്ക് അത് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"എടാ ഈ കാശുള്ള പയ്യന്മാര് ചില കിളികളെ പുറത്തു കറങ്ങാന്‍  കൊണ്ടുപോയി കാശ് പൊടിച്ചു കളയില്ലേ തത്", ചാര്‍ളിയുടെ വിശധീകരണം.
എല്ലാവര്‍ക്കും ആകാംഷയായി, ഒപ്പം ആശ്ചര്യവും. രാകേഷ്‌ ചാടി കയറി ചോദിച്ചു, "ആരാ കക്ഷി? എടാ നിന്റെ കൂടെ പണിയെടുക്കുന്ന പുള്ളിക്കാരിയാണോ?"
"അല്ല"
"പിന്നെ?"
"വന്നു മൂന്നു മാസത്തിനുള്ളില്‍ നീ ഇതു ഏതു പെണ്ണിനെയാ വളച്ചേ?", ചാര്‍ളിക്ക് കൌതുകം.
"ഇത് ഇവിടുത്തെ പെണ്ണല്ല. നിങ്ങള്ക്ക് അറിയില്ല"
"പിന്നെ?", എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു.
അലക്സിനു ചെറിയ നാണം "ഇത് ഒരു റഷ്യക്കാരിയാ.... എല്ലാ ദിവസോം രാത്രി ചാറ്റ് ചെയ്തു ഒപ്പിച്ചതാ. അടുത്തുതന്നെ പറ്റിയാല്‍ ഞാന്‍ അവിടേക്ക് പോകുന്നുണ്ട്.  അവിടുത്തെ ചിലവോക്കെ അവളെടുത്തോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഒത്താല്‍ ഒരു ഉഗ്രന്‍ ട്രിപ്പ്‌. വിമാന കൂലി ഞാന്‍ ഒപ്പിക്കുനുണ്ട്."
അലക്സ് വാച്ചില്‍ ഒന്ന് നൊക്കി
"ഹൊ നെരമായല്ലോ" എന്നിട്ട് തിടുക്കത്തില്‍ ചായ കുടിച്ചു തീര്‍ത്തു. "അപ്പൊ ശരി ഞാന്‍ പോട്ടെ. അവള്‍ ചാറ്റില്‍ വന്നു കാണും. നിങ്ങള്‍ വിട്ടോ" അവന്‍ വേഗം ലോഡ്ജിന്‍റെ പടികള്‍ ഓടി കയറി. മറ്റുള്ളവര്‍ തങ്ങള്‍ എന്താണ്  കാണുന്നത് എന്ന് മനസ്സിലാകാതെ ഒരു നിമിഷം നിശബ്ദരായി ഏതോ ആലോചനയില്‍ മുഴുകി നിന്നു.
കുഞ്ഞുണ്ണി തന്നോടെന്ന പോലെ പിറുപിറുത്തു "ഹൊ, അപ്പൊ ഇതാണ് ആഗോളവത്ക്കരണം......."

Friday, May 28, 2010

സൗഹൃദം

വെള്ളിയാഴ്ച്ചകള്‍  വിമലിനു എന്നും പ്രിയപ്പെട്ടവയായിരുന്നു. വേഗം പണിതീര്‍ത്താല്‍ വേഗം ഓഫീസില്‍ നീന്ന് ഇറങ്ങാം. വെള്ളിയാഴ്ച്ച രവിലെ തന്നെ വിമലിന്‍റെ മനസ്സില്‍ വീകെന്‍റ് ചെലവഴിക്കേണ്ട ചിന്തകള്‍ കടന്നു കൂടും. പരമാവധി പണി കുറവായിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വിമല്‍ അന്ന് ഓഫീസിലേക്ക് പോകുന്നത്. ഓഫീസില്‍ നിന്ന് വേഗം ഇറങ്ങി സിനിമ കാണുകയൊ സുഹൃത്തുക്കളുമായി പബില്‍ പോകുകയോ ആണു പരുപാടി. എന്നാല്‍ ഈ അടുത്തകാലത്തായി അതൊന്നുമല്ല വെള്ളിയാഴ്ചയുടെ പ്രത്യേകത. അവളെ കാണാം. അവളുമായി കുറച്ചു സമയം ചിലവിടാം. ഒരുമിച്ചു പാര്‍ക്കില്‍ പോകാം. പരസ്പ്പരം മുട്ടിയുരുമ്മി എത്ര നേരം വരെയും സല്ലപിക്കാം. പിന്നെ അന്നത്തെ അത്താഴം ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ഒരുമിച്ചു കഴിക്കുകേം ചെയ്യാം. ആ വെള്ളിയാഴ്ച്ചയും വിമല്‍ കൃത്യം അഞ്ജു മണിക്ക് വി ടി സ്റ്റേഷനില്‍ എത്തി. അന്ജെ പത്തിനുള്ള ഫാസ്റ്റ് ലോക്കല്‍ കിട്ടിയാല്‍‍ ആറു മണിയാകുമ്പോള്‍ വാശി സ്റ്റേഷനില്‍ എത്തിപ്പെടാം.

ട്രെയിന്‍ നിറുത്താറായപ്പോള്‍ വിമല്‍ എഴുന്നേറ്റു വാതിലിന്‍റെ അടുത്തേക്ക് തിക്കി തിരക്കി നീങ്ങി തുടങ്ങി. ഒരു മുരള്ച്ചയോടെ ട്രെയിന്‍ സ്റ്റേഷനില്‍ കയറി നിന്നു.  അവിടെ ഇറങ്ങുവാന്‍ ഒരു വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.  മുംബൈയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമെതെന്നു ചോദിച്ചാല്‍ അതിനുത്തരം റൂബി റെഡ്‌ ഗ്രാനൈറ്റ്‌ പതിച്ച ആ റെയില്‍വേ സ്റ്റേഷന്‍ തന്നെയാണ് പലരുടെയും ഉത്തരം. ചുവന്ന കല്ലുകള്‍ പതിച്ച ആ ഭയങ്കര സമുച്ചയത്തില്‍ വെളുത്ത ചുരിദാറിട്ടു നില്‍ക്കുന്ന മുംതാസിനെ കണ്ടുപിടിക്കാന്‍ അവനു അധികം പ്രയാസപ്പടെണ്ടി വന്നില്ല. വിമലിനെ കണ്ട മുംതാസ്‌ വലത്തെ കൈ മുകളിലക്ക് ഉയര്‍ത്തി വീശി ചിരിച്ചു കൊണ്ട് അവന്‍റെ അടുത്തേക്ക് ചെന്നു.

"ഹായ്‌, ഇന്ന് വേഗം എത്തിയല്ലേ", അവള്‍ അവനോടു അടുത്തപ്പോള്‍ അവേശത്തോടെ ചോദിച്ചു. ഒരു മാസമായിട്ടുള്ള പരിചയം ഒരു യുഗമായിട്ടു തുടരുന്നത് പോലെ അവനു പലപ്പോഴും തോന്നിയിട്ടുണ്ട്. 

"ആ മുംതാസ്‌ എപ്പോള്‍ വന്നു?"
"ആ കുറച്ചു നേരമായി. വാ നമുക്ക് അവിടെ ഇരിക്കാം.", കുറച്ചു അകലെ ഉള്ള ഒരു ബെന്ജ്ജു ചൂണ്ടികൊണ്ട് പറഞ്ഞു.  അവര്‍ അവിടേക്ക് പതുക്കെ നടന്നു. സ്റ്റേഷനിലെ ആ വലിയ ഗോവണിയില്‍ സന്ധ്യയുടെ ഇളം ചൂടുള്ള നിഴലില്‍ കാമിതാക്കള്‍ ഇരുന്നു സല്ലപിക്കുന്നത് വിമല്‍ ശ്രദ്ധിച്ചു. അതില്‍ ഒരുത്തന്‍ അവന്‍റെ കൂട്ടുകാരിയുടെ കൈ പിടിച്ചു ചുംബിക്കുകയായിരുന്നു.  എന്തോ, വിമലിന് ആ കാമുകനോട് അസൂയ തോന്നി. ബെഞ്ചില്‍ വിമലും മുംതാസും അടുത്തടുത്തായി ഇരുന്നു.


"എന്താ ഇന്ന് ഓഫീസില്‍ പോയില്ലേ?",  അവന്‍ അവളോട്‌ ബെഞ്ചില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ചോദിച്ചു.

"ഇല്ല ഒരു സുഖം തോന്നിയില്ല, അപ്പൊ ഒരു ലീവ് എടുത്തു."

പിന്നെ പതിവ് സംസാരങ്ങള്‍. ഓഫീസിലെ വാര്‍ത്തകള്‍, കുറ്റങ്ങള്‍, കുറവുകള്‍, ആശ്വസിപ്പിക്കല്‍, ഉപദേശങ്ങള്‍ , നാട്ടിലെ വിശേഷങ്ങള്‍, കോളേജു ജീവിതം അങ്ങനെ പോയി സംസാരം. തുലാവര്‍ഷത്തിന്‍റെ ഇരുണ്ട കൈകള്‍ അവര്‍ക്കു മുകളില്‍ വിടരുന്നത് വകവക്കാതെ അവര്‍ സംസാരിച്ചുകൊണ്ടേ ഇരുന്നു.  എപ്പോഴോ ഇരുണ്ടു തുടങ്ങിയ ആ കാര്‍മേഘങ്ങള്‍ ഭൂമിയിലേക്ക്‌ യാത്ര തുടങ്ങിയിരുന്നു.

"ഹൊ സമയം ഒരു പാടായി, വാ പോകാം ", അവള്‍ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "നല്ല മഴയാണല്ലോ വരുന്നത്, കുടയുണ്ടോ?, എന്റേതു കമ്പി ഓടിഞ്ഞിരിക്കാണു."

"ഞാന്‍ കുട എടുത്തില്ല. എനിക്ക് മഴയത്തു നടക്കാന്‍ ഇഷ്ടമാണ്. കുറെ നാളായി മഴയത്തു നടന്നിട്ടു."

"എങ്കില്‍ ഇന്ന് ഞാനും കൂടാം." അവള്‍ അത് പറയുമ്പോള്‍ ഒരു നനുത്ത പുഞ്ചിരി അവളുടെ വശ്യമായ ചുണ്ടുകളില്‍ തത്തിക്കളിച്ചു. അവളുടെ ഇടത്തെ കവിളില്‍ ഒരു നുണക്കുഴി വിരിഞ്ഞു.
സ്റ്റേഷനു പുറത്തെത്തിയപ്പോള്‍ കലി തുള്ളി പെയ്യുന്ന പെമാരിയായിരുന്നില്ല, അവശയായി പെയ്തു കൊണ്ടിരിക്കുന്ന വെറും ചാറ്റല്‍ മഴ.

"ഓ ഇത്രയേ ഉള്ളോ, ഇതിനെന്തിനാ കുടയും വടിയും? വാ നമുക്ക് നടക്കാം." അവള്‍ ചുരിദാറിന്‍റെ ഷോള്‍ കഴുത്തില്‍ നിന്നെടുത്തു തലയിലൂടെ ഇട്ടു. വിമല്‍ ലാപ്ടോപ് ബാഗിന്‍റെ വള്ളിയെടുത്തു വലത്തേ തോളിലൂടെ ഇട്ടു. വഴിയില്‍ വെള്ളം കെട്ടികിടക്കുന്നത് കണ്ടു അയാള്‍ പാന്സ് തെറുത്തു മുട്ടോളം കയറ്റി. പതിയെ അവര്‍ മഴ നനഞ്ഞു തുടങ്ങി. മഴയുടെ സ്വഭാവം പതുക്കെ പതുക്കെ മാറിക്കൊണ്ടിരുന്നു.  കാറ്റിന്‍റെ വേഗം കൂടി കൂടി വന്നു. തണുപ്പ് ശരീരത്തെ തുളച്ചു എല്ലിലേക്ക് കയറിത്തുടങ്ങി.  അവര്‍ നടത്തം തുടര്‍ന്നു. വേഗത്തില്‍, കൂടുതല്‍ വേഗത്തില്‍. നടത്തത്തില്‍ അവളുടെ വലതു കയ്യും അവന്‍റെ ഇടതു കായ്യും ഒന്ന് മുട്ടി. നനഞ്ഞു കുതിര്‍ന്നു തുടങ്ങിയ ആ രണ്ടു ശരീരങ്ങളിലൂടെ ഇടിമിന്നല്‍ പ്രവഹിച്ചു. വീണ്ടും പല തവണ ഇടിമിന്നല്‍ ഉണ്ടായി.  മഴ നനഞ്ഞു കൊണ്ടുള്ള ആ നടത്തതിനിടയില്‍ എപ്പോഴോ അവരുടെ കൈകള്‍ ഒന്നായി പോയിരുന്നു. 

അവളുടെ ഫ്ലാറ്റിനു താഴെ എത്തിയപ്പോഴേക്കും മഴ കുറഞ്ഞിരുന്നു.  "ശരി നാളെ കാണാം", വിമല്‍ വിടവാന്ഗുവാന്‍ ഒരുങ്ങി. അവള്‍ അപ്പോഴേക്കും കാര്‍ പോര്‍ച്ചില്‍ എത്തിയിരുന്നു.
"വന്നു തല തുടച്ചിട്ടു പൊയ്ക്കൊള്ളു, വെറുതെ പനി പിടിക്കണ്ട.ഞാന്‍ നല്ല മലബാര്‍ സുലൈമാനി ഉണ്ടാക്കി തരാം.", അവള്‍ വിമലിനെ ഷണിച്ചു. വിമല്‍ ഒരു നിമിഷം മടിച്ചു നിന്നു.

"വരൂ ഇന്ന് വേറെ പണിയോന്നുമിലല്ലോ" മുംതാസ് നിര്‍ബന്ധിച്ചു. എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുന്‍പേ അവള്‍ വിമലിന്‍റെ കൈകള്‍ പിടിച്ചു ലിഫ്ടിലേക്ക് നടന്നു തുടങ്ങിയിരുന്നു.

വസ്ത്രങ്ങള്‍ നനഞ്ഞു ഒട്ടി, അവന്‍ ഫ്ലാറ്റില്‍ എങ്ങും ഇരിക്കാന്‍ ഇഷ്ടപ്പെടാതെ നിന്നു. അവള്‍ ബെഡ് റൂമില്‍ പോയി. അല്‍പ്പം സമയം കഴിഞ്ഞു തന്‍റെ തല തുടച്ചു ഉണക്കി കൊണ്ട് അവള്‍  ഒരു ടര്‍ക്കി ടവല്ലും, ടീ ഷര്‍ട്ടും മുണ്ടും വിമലിന് കൊണ്ട് കൊടുത്തു.  അവന്‍ എന്തോക്കെയോ ആലോചനയില്‍ ഫ്ലാറ്റിന്‍റെ അലങ്ഗാരങ്ങള്‍ നോക്കി കണ്ടു നിക്കുകയായിരുന്നു.

"ഒന്ന് തല കുളിച്ചു വന്നോളു, വെള്ളം തലയില്‍ താഴേണ്ട. അപ്പോഴേക്കും ഞാന്‍ ചായയും ഭക്ഷണവും ശരിയാക്കാം.", തന്‍റെ നനഞ്ഞ മുടി ഉണക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു. "എവിടെ ബാത്ത് റൂം?". അവള്‍ ബാത്ത് റൂം കാണിച്ചു കൊടുത്തു. അയാള്‍ അതിനകത്തേക്ക് കയറുമ്പോള്‍ അവള്‍ പിന്നില്‍ നിന്നും ചോദിച്ചു, "ചായ മതിയോ അതോ ഹോട്ട് വല്ലതും വേണോ?"
"അതിനു ഇവിടെ എന്തുണ്ട്?"
"സിഗ്നെചാര്‍ വിസ്കിയുണ്ട് ഒരു ഹാഫ് ബോട്ടില്‍"
"ബുധിമുട്ടാവിലെങ്കില്‍ ... "
"ഓ ഡോണ്ട് ബി സൊ ഫോര്‍മല്‍"
"ഈ തണുത്തു വിറക്കുന്ന സമയത്ത് ചായയെക്കള്‍ സുഖം അതിനാ", അവന്‍ ചിരിച്ചു കൊണ്ട് ബാത്ത് റൂമില്‍ കയറി.
കുളിക്കുമ്പോള്‍ അവന്‍റെ മൂക്കിലേക്ക് ഒരു സുഗന്ധം കയറിക്കൂടി. കുളി കഴിഞ്ഞു വെള്ളം തോര്‍ത്തി കളയുമ്പോള്‍ അവന്‍ ആ ടര്‍ക്കി ടവല്‍ മൂക്കിനോട് അടുപിച്ചു ആ മണം ആവോളം ആസ്വദിച്ചു കൊണ്ടിരുന്നു. ആ സുഗന്തം അവന്‍റെ സിരകള്‍ക്ക് തീ പിടുപ്പിച്ചു. മുംതാസിന്‍റെ ഗന്ധം അയാളുടെ മൂക്കിലൂടെ ശരീരമാസകലം സഞ്ചരിച്ചു. അവനു ആകെ മത്തു പിടിച്ച പോലെ തോന്നി. ആ ടവല്‍ മുംതാസിനെ ചുംബിക്കുന്നത് പോലെ അവന്‍ തന്റെ മുകത്തെക്ക് ചേര്‍ത്ത് പിടിച്ചു. അങ്ങനെ കുറെ നേരം അവന്‍ ആ ബാത്ത് റൂമില്‍ സ്വയം മറന്നു ഏതോ മായാ ലോകത്തെ സഞ്ചാരത്തില്‍ മുഴുകി നിന്നു.

കുളികഴിഞ്ഞു ഇറങ്ങുമ്പോഴേക്കും തീന്‍ മേശമേല്‍ ബ്രെടും ഒമ്ലെറ്റും തയ്യാറായി ഇരിപുണ്ടായിരുന്നു. വിസ്കി  കുപ്പിയും മേശമേല്‍ ഇരിപ്പുണ്ട്. അവനെ കാത്തു മുംതാസും ഇരുന്നിരുന്നു. അവള്‍ വിമലിനെ നോക്കി നില്‍ക്കെ അവന്‍ കുപ്പിയില്‍ നിന്നു ഒരു ലര്‍ജു ഒഴിച്ചു.
"നിനക്ക് ഒരെണ്ണം വേണോ?"
"ഹേയ് ഇത് ശീലമില്ല, ആണുങ്ങള്‍ കുടിക്കുന്നത് കാണുവാനാ എനിക്കിഷ്ടം." എന്ന് പറഞ്ഞു മുംതാസ് തന്‍റെ ചായ കപ്പ്‌ എടുക്കാന്‍ അടുക്കളയിലേക്കു പോയി.

 അവന്‍ ഒറ്റ വലിക്ക് ആ ലാര്‍ജു മുഴുവന്‍ അകത്താക്കി. മദ്യം അവന്‍റെ തോണ്ടയിലൂടെ തീ പന്തമായി ഇറങ്ങി പോയി. കുറെ നാളുകള്‍ക്കു ശേഷമാണ് ഇങ്ങനെ കഴിക്കുന്നത്‌. കാലിയായ ഗ്ലാസ്സില്‍ അവന്‍ ഒരു ലാര്‍ജ്‌ കൂടി ഒഴിച്ചു.  അവള്‍ ടേബിളിന്‍റെ ഒരു വശത്ത് ചാരി നിന്നു ഭക്ഷണം കഴിച്ചു.  വിമല്‍ വേഗം വേഗം ഭക്ഷണം കഴിച്ചു. നല്ല വിശപ്പ്‌ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണം വിഴുങ്ങുകയായിരുന്നു.  മൂന്നാമത്തെ ലാര്‍ജു തീരുമ്പോള്‍ അയാള്‍ പറന്നു തുടങ്ങിയിരുന്നു. അയാള്‍ അവിടെ അവള്‍ക്ക് ചുറ്റും ആ മുറിയില്‍ ഒഴുകി തുടങ്ങിയിരുന്നു.  മധുരകരമായ പല കാര്യങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു കൊണ്ടിരുന്നു.

കഴിച്ചു ഒഴിഞ്ഞ പാത്രങ്ങള്‍ മുംതാസ് അടുക്കളയിലേക്കു കൊണ്ടുപോയി.  കൈകള്‍ കഴുകി വൃതിയാക്കിയിട്ടു വിമല്‍ ഒരു സിഗരറ്റ് എടുത്തു വലിച്ചു. അവന്‍ മഴ നനഞ്ഞ ഒരു ജനാലക്ക് പിന്നില്‍ നിന്നു പുക ഊതി പുറത്തേക്കു വിട്ടു. നനഞ്ഞ അന്തരീഷത്തില്‍ ആ പുകച്ചുരുളുകള്‍ പൊങ്ങി പോകുന്നത് അവന്‍ ആസ്വദിച്ചു. ഓരോ പുകയും എടുക്കുമ്പോള്‍ നെന്‍ജില്‍ ചൂടു കൂടി കൂടി വന്നു.  വായിലേക്ക് പുകയിലയുടെ ചൊവ പടര്‍ന്നു പിടിച്ചു. അവന്‍ അത് വളരെ ഇഷട്ടപ്പെട്ടു. പിന്നില്‍ ഗ്ലാസ്സുകള്‍ മുട്ടുന്ന ശബ്ദം കേട്ട് വിമല്‍ തിരിഞ്ഞു നോക്കി. മുംതാസ്‌ കുപ്പിയും ഒഴിഞ്ഞ ഗ്ലാസ്സുകളും മേശപുറത്തു നിന്നും മാറ്റുകയാണ്. അവന്‍ അവളെ തന്നെ നോക്കി ഒന്ന് നന്നായി പുക ഉള്ളിലേക്ക് വലിച്ചു.

"ഇങ്ങനെ ഒരു പാര്‍ട്ടി നീ ഇപ്പോള്‍ എനിക്ക് കടപ്പെട്ടിരിക്കുകയാണ്, ഓര്‍മ്മ വേണം."

വിമല്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു. മദ്യത്തിന്‍റെ ലഹരി അവന്‍റെ ഞെരമ്പുകളെ കീഴ്പ്പെടുത്തിയിരുന്നു. മുംതാസിന്‍റെ സുഗന്ധം അവന്‍റെ തലച്ചോറിനെ ഇളക്കി മറിച്ചു. അവനു ശരീരം തളരുന്നതായി തോന്നി. അവളുടെ സാമീപ്യം അവനെ ഭ്രാന്തു പിടിപ്പിച്ചു. കത്തിയെരിഞ്ഞ സിഗരറ്റ്‌ കുറ്റി ജനാലമെലുള്ള എഷ്ട്രെയിലെ വേന്ന്തെരിഞ്ഞ അനേകം സിഗരറ്റ്‌ കുറ്റികള്‍ക്കിടയില്‍ കുത്തി കെടുത്തി. അവന്‍ അവളുടെ അടുത്തേക്ക് ചെന്നു.  ഡൈനിംഗ് ടെബിള്‍‍ വൃത്തിയാക്കുന്ന അവളെ അവന്‍ പിന്നില്‍ നിന്നും വാരി പുണര്‍ന്നു. അവനെ തള്ളി മാറ്റാന്‍ ഉള്ള അവളുടെ വിഫല ശ്രമം. അവന്‍റെ കരങ്ങളുടെ ശക്തി മനസ്സിലക്കിയിട്ടെന്ന പോലെ അവള്‍ അവന്‍റെ കൈകളില്‍ അമര്‍ന്നു. കുറെ നേരം അവര്‍ അങ്ങനെ നിന്നു. പതുക്കെ പതുക്കെ അവന്‍റെ മുഖം അവളുടെ കഴുത്തില്‍ ചുംബങ്ങള്‍ നട്ടു തുടങ്ങി.
"എന്താണ് നിനക്ക് വേണ്ടത്?", അയാള്‍ അവളുടെ ഇടത്തെ
ചെവിയുടെ പിന്നില്‍ കടിക്കുമ്പോള്‍ ഇക്കിളി പെടുത്തുന്ന ശബ്ധത്തില്‍ ചോദിച്ചു. അവളില്‍ രോമാഞ്ചം തളിര്‍ത്തു. അയാള്‍ പതുക്കെ അവളെ തന്നിലേക്ക് തിരിച്ചു പിടിച്ചു. 

ചുംബങ്ങള്‍ ചുംബങ്ങള്‍ ഒരായിരം ചുംബങ്ങള്‍. അവളുടെ നെറ്റിത്തടവും, കവിളുകളും, കണ്ണുകളും, കഴുത്തും, അധരങ്ങളും, എല്ലാം ചുംബനങ്ങള്‍ കൊണ്ട് അവന്‍ കീഴ്പ്പെടുത്തി. ആ മുറിയിലെ താജ് മഹലിന്‍റെ പടമുള്ള കാര്‍പ്പെറ്റിലേക്ക് അവര്‍ ചരിഞ്ഞു. സ്നേഹത്തിന്‍റെ, അനുരാഗതിന്‍റെ, അനുഭൂതിയുടെ മറ്റൊരു സ്നേഹ സ്മാരകം അവിടെ ഉയരുകയായി.
"വിമല്‍....വിമല്‍.....വിമ...."

അവളുടെ നിശ്വാസം വേഗത്തിലായി.  അവന്‍റെ കരങ്ങള്‍ അവളുടെ ശരീരത്തില്‍ എന്തിനോ എന്ന പോലെ തിരഞ്ഞു കൊണ്ടിരുന്നു. ഏതോ അമൂല്യ നിധിക്ക് വേണ്ടിയുള്ള തിരച്ചിലെന്ന പോലെ അവന്‍ അവളിലേക്ക് ചൂഴ്ന്നിറങ്ങി.  തളര്‍ച്ചയില്‍ മുങ്ങി നീരാടി അവള്‍ അവന്‍റെ ഉറച്ച നെന്ജിലെക്ക് തളര്‍ന്നു വീണു.  അവളുടെ കരങ്ങള്‍ അവനു ചുറ്റും വരിഞ്ഞു മുറുകി.  അവന്‍റെ വദനം അവളുടെ ചുടു മാറിടതില്‍ അമര്‍ന്നു.  വരിഞ്ഞു മുറുകിയ ആലിഗനങ്ങള്‍ നഖക്ഷതങ്ങള്‍ക്ക് വഴിമാറി, നഖക്ഷതങ്ങള്‍ ഞെരുക്കങ്ങള്‍ക്കും, ഞെരുക്കങ്ങള്‍ സീല്‍ക്കാരത്തിനും, പിന്നീട് കൂജനങ്ങള്‍ക്കും വഴിമാറി.

തളര്‍ന്നു അവശരായി അവര്‍ ആ കാര്‍പ്പെറ്റില്‍ വിയര്‍പ്പ് തുള്ളികളാല്‍ പുതച്ചു അടുത്തടുത്തായി പൊള്ളുന്ന ശരീരങ്ങളായി കിടന്നു. വിമല്‍ ഒരു സിഗരറ്റ്‌ കത്തിച്ചു ചുണ്ടത് വച്ച് കിടന്നു. രണ്ടു പുക എടുത്തപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അവന്‍ മുംതാസിനെ നോക്കി. കണ്ണുമടച്ചു കിടക്കുന്ന അവളുടെ കണ്ണിന്‍റെ വശത്ത് ഒരു കണ്ണുനീര്‍ ചാല്‍ കണ്ടു.  അതില്‍ ഉണങ്ങാന്‍ മടിച്ചു നില്‍ക്കുന്ന കണ്ണുനീരും. അവന്‍ അവളെ തന്നെ നോക്കി കുറെ നേരം കിടന്നു. സിഗരറ്റ്‌ വലിച്ചു തീര്‍ത്തു നിലത്ത് കുത്തിക്കെടുത്തി. അവന്‍റെ മിഴികളില്‍ ഉറക്കത്തിന്‍റെ ദേവത അനുഗ്രഹം ചൊരിഞ്ഞു.  അവന്‍ അവരുടെ നഗ്നതയുടെ പുതപ്പിന് മേലെ തന്‍റെ ഉടുമുണ്ട് പുതപ്പാക്കി പുതച്ചു. വിമല്‍ മുംതാസിനെ തന്നിലേക്ക് കൂടുതല്‍ ചേര്‍ത്ത് കിടത്തി, അവളുടെ കവിളുകളില്‍ അന്നത്തെ അവസാനത്തെ ചുംബനം ചാര്‍ത്തി. അവന്‍റെ ശിരസ്സ് ഉറങ്ങി തുടങ്ങിയ മുംതാസിന്റെ മാറിടത്തില്‍ ചാഞ്ഞു. കണ്ണുകളെ‍ പതുക്കെ പതുക്കെ ഉറക്കം കീഴ്പ്പെടുത്തി കൊണ്ടിരുന്നു.  അമേരിക്കയില്‍ പി എച്ച് ഡി തീസിസ്‌ അവതരിപ്പിക്കാന്‍ പോയിരിക്കുന്ന തന്റെ സുഹൃത്തിന്റെയും മുംതാസിന്റെയും, ചുവരില്‍ തൂങ്ങി കിടക്കുന്ന വിവാഹ ഫോട്ടോ വിമലിന്റെ കണ്ണില്‍ നിന്നും പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി.
ചുറ്റും ഇരുട്ട് പരന്നു.

Wednesday, May 19, 2010

ജെപ്പുവിന്‍റെ കൂട്ടുകാരന്‍

          ജെപ്പുവിനു അഞ്ജു വയസ്സാണ്. അവനു കൂട്ടുകൂടുവാന്‍ ആരുമില്ല. ഫ്ലാറ്റിലെ മറ്റു പിള്ളേരുമായി അവാന് കൂട്ടുകൂടാന്‍ പറ്റില്ല. എല്ലാവരും മുതിര്‍ന്നവരാണു. ഇപ്പോള്‍ അവന്‍റെ ഏറ്റവും വലിയ കൂട്ട് പപ്പാ തറവാട്ടിലെ പള്ളി പെരുന്നാളിനു വെടിച്ചു കൊടുത്ത ആ ചുവപ്പും മഞ്ഞയും നിറങ്ങള്‍ കലര്‍ന്ന റബ്ബര്‍ പന്താണ്.  ആ പന്തിനെ അവനു വല്യ ഇഷ്ടമായിരുന്നു. അവനോട് സംസാരിച്ചും, അവനെ എറിഞ്ഞു പിടിച്ചും, അവനെ ഉരുട്ടി കളിച്ചും ജെപ്പു‍ അങ്ങനെ സമയം കളയും. അയല്‍പ്പക്കത്തെ ആന്റണിക്ക്‌ കളിയ്ക്കാന്‍ കുറെ കൂട്ടുകാരുണ്ട്. കൂട്ടുകാരില്ലാത്തപ്പോള്‍ അവനു കളിയ്ക്കാന്‍ ഒരു അനിയനുണ്ട്. ക്ലാസ്സിലെ ശ്രീദേവിക്കു കളിയ്ക്കാന്‍ ചെച്ചിയുണ്ട്. ജെപ്പുവിനു മാത്രം വീട്ടില്‍ കളിയ്ക്കാന്‍ ആരുമില്ല. എന്താ ജെപ്പുവിനു ഒരു വാവ ഇല്ലാത്തെ എന്ന് അമ്മയോട് ചോദിച്ചപ്പോള്‍, അമ്മ പറഞ്ഞത് ഒന്നും അവനു മനസ്സിലായില്ല.  കൂട്ടുകാരനായ ആ പന്തു കാരണം ചിലപ്പോഴൊക്കെ ജെപ്പുവിനു പപ്പയുടെ കായ്യില്‍ നിന്നു നല്ല അടിയും കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ജെപ്പു എറിഞ്ഞപ്പോള്‍ അവന്‍ നേരെ ടി. വി യുടെ മേല്‍ചെന്നു ഒന്ന് തൊട്ടു. അന്ന് ജെപ്പുവിനു പപ്പയുടെ കയ്യില്‍നിന്നു കണക്കിന്  ചീത്തകെട്ടു രണ്ടു തല്ലും കിട്ടി. അന്നൊക്കെ ജെപ്പുവിനു അവനോടു വല്ലാത്ത ദേഷ്യം തോന്നി. എന്ത് ദുഷ്ടനാണ് അവന്‍ എന്ന ജെപ്പുവിനു തോന്നി. പക്ഷെ പിന്നെയും ജെപ്പുവിനു കളിയ്ക്കാന്‍ അവന്‍ മാത്രേ ഉണ്ടായിരുന്നുള്ളു.  ഇന്ന് ഊണ് കഴിഞ്ഞു ജെപ്പു അവനുമായി  കളിക്കുമ്പോള്‍ അവന്‍ തുറന്നിട്ടിരിക്കുന്ന ജനാല വഴി വീട്ടില്‍ നിന്നും ചാടി പോയി.  ജെപ്പു ഓടി ചെന്നു നോക്കുമ്പോള്‍ അവന്‍ അടുത്തുള്ള തോട്ടിലെ ചെളി വെള്ളത്തില്‍ പൂണ്ടു കിടക്കാണു.  ജെപ്പുവിനു സങ്കടം വന്നു അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍.  നഷ്ടപ്പെട്ട ആ കൂട്ടുകാരനെ നോക്കി ജെപ്പു പപ്പാ വരുന്നത് വരെ ആ ജനാലയുടെ അടുത്ത് തന്നെ നിന്നു....

പേനകത്തി.

Tuesday, May 18, 2010

നിഴല്‍

     ആശുപത്രിയുടെ ആ നീണ്ട മുറിയില്‍ നിശബ്ധത പരന്നിരുന്നു. ചിലര്‍ ബഞ്ചില്‍ കിടന്നുറങ്ങി, ചിലര്‍ നിലത്തു കിടന്നുറങ്ങി, ചിലര്‍ ആ വലിയ വരാന്തയില്‍ എന്തൊക്കെയോ ആലോചിച്ചു ശോക മുഖവുമായി ഉലാത്തിക്കൊണ്ടിരുന്നു. ഇതിലൊന്നും പെടാതെ മറ്റു ചിലര്‍ അവിടെ കെട്ടി നിന്നിരുന്നു നിശബ്ദതയില്‍ തേങ്ങി കരയുന്നുണ്ടായിരുന്നു. ഇത് ആ വരാന്തയിലെ എന്നത്തേയും കാഴ്ച. എന്നും പലരുടെയും കണ്ണീരില്‍ ആ മുറിയുടെ തറ കഴുകി വൃതിയക്കപ്പെട്ടു. പലരും ഇങ്ങനെ കരഞ്ഞു കരഞ്ഞു തളര്‍ന്നു ഉറങ്ങി.  ഊണിനെ കുറിച്ചോ ഉറക്കത്തെ കുറിച്ചോ ആ മുറിയിലുള്ളവര്‍ കാര്യമായി ചിന്തിച്ചിരുന്നില്ല. അവിടെ ഉള്ള എല്ലാവരുടെയും ചിന്തകള്‍ ആ മുറിയുടെ അറ്റത് സ്ഥിതി ചെയ്യുന്ന ഐ സി യു ഇലെ തങ്ങളുടെ ഉറ്റവരുടെ ഓര്‍മ്മകളില്‍ ചെന്ന് നിന്നു.  അവിടെ കരയുന്ന എല്ലാവര്‍ക്കും ഉണര്‍വിലും ഉറക്കത്തിലും ഒറ്റ പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു..... തങ്ങളുടെ ഉറ്റവരെ ജീവിതത്തിലേക്കു തിരുച്ചു കിട്ടണം എന്നു...
     ആശുപത്രിയുടെ നാലാം നിലയിലെ വാര്‍ഡു നമ്പര്‍ 412 ഇല്‍ നിന്നും അയാള്‍ പുറത്തിറങ്ങി. മുറിയില്‍ ഭാര്യ രുക്മണിയും സഹോദരി രമയും പരസ്പ്പരം ആശ്വസിപ്പിച്ചു ഉറങ്ങാന്‍‍ ശ്രമിച്ചു. ആ മുറിയിലെ ആര്‍ക്കും ഉറക്കം വന്നിരുന്നില്ല.... ഉറക്കമില്ലാത്ത രാത്രികള്‍ അവര്‍ തള്ളിനീക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നടന്നു നീങ്ങുന്ന ദിവസങ്ങള്‍....ഇഴയുന്ന രാത്രികള്‍. മാധവന്‍ പതുക്കെ പതുക്കെ പടവുകള്‍ ഇറങ്ങി ചെന്നു. രണ്ടാം നിലയുടെ പടവുകള്‍ ഇറങ്ങി അയാള്‍  വിഷാദമായ മുഖവും ഖനമുള്ള മനസ്സുമായി  ഐ സി യു ഉടെ മുന്‍പിലെ ബഞ്ചിന്‍റെ അടുത്തേക്ക്  ചെന്നു.  ഐ സി യു ഉടെ മുന്നില്‍ അയാള്‍ അല്‍പ്പം നേരം നിന്നു. "അകത്തേക്ക് പ്രവേശനം ഇല്ല " എന്ന ബോര്‍ഡ്‌ ആ ശീതികരിച്ച മുറിയുടെ വാതിക്കല്‍ തൂക്കിയിട്ടിരുന്നു.  പ്രവേശനം ഉണ്ടായിരുന്നാലും ആ മുറിയില്‍ ചെന്നു അവിടെ കിടക്കുന്ന തന്‍റെ മകനെ ഒരു നൂക്ക് കാണുവാന്‍ അയാള്‍ക്കു മനക്കരുത്തു തീരെ കുറവായിരുന്നു.  മരണത്തിനു തയ്യാറായി കിടക്കുന്ന മകന്‍റെ ശരീരം ഒന്ന് നോക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആ മനുഷ്യന് കരുത്തുണ്ടായിരുന്നില്ല.
     ആശുപത്രി ബഞ്ചിന്‍റെ  ഒരറ്റത്ത് ആ മധ്യവയസ്കന്‍ വിതുമ്പുന്ന ഹൃദയത്തോടെ തല താഴ്ത്തി വിങ്ങി പൊട്ടിയിരുന്നു.  അയാള്‍ ഇരുന്നപ്പോള്‍ ആ ബെന്ചോന്നു ഉലഞ്ഞു. ബെഞ്ചിന്‍റെ കൈചാരിയില്‍ തന്‍റെ കയ്യും കുത്തി, കൈപത്തി കൊണ്ട് താടിക്ക് താങ്ങും കൊടുത്തു അയാള്‍ കുറച്ചു നേരം ഇരുന്നു.  രണട് ദിവസമായിട്ടുള്ള ഈ കാത്തിരിപ്പ്‌ അയാളുടെ മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മനസ്സ് ദുര്‍ഗഡമായ ഈ പാതയിലൂടെ എത്ര സഞ്ചരിക്കണം എന്നു അയാള്‍ ചിന്തിച്ചു. ഈ കാത്തിരിപ്പ്‌ അയാളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു. മരണദൂതന്‍റെ ആ വിളംബരത്തിനു വേണ്ടി കാതോര്‍ത്തിരിക്കുന്ന ആ കാത്തിരിപ്പ്‌ ഒരാള്‍ക്കും വരരുതേ എന്നു അയാള്‍ ആഗ്രഹിച്ചു.    പ്രതീഷയുടെ അവസാന തുള്ളിയും വറ്റിപോയിരിക്കുന്നു.  എങ്കിലും ഒരു അത്ഭുതം നടന്നെങ്ങിലോ എന്നു എല്ലാവരെയും പോലെ അയാളും  ആഗ്രഹിച്ചു, ഒന്ന് കൊതിച്ചു. ഏക പുത്രന്‍റെ ജീവന്  വേണ്ടിയുള്ള ഒരു പിതാവിന്‍റെ അവസാന യാചന അയാളുടെ മനസ്സില്‍ നിറഞ്ഞു നിന്നു. ദൈവങ്ങളില്‍ ആരെങ്കിലും തന്‍റെ ആ യാചന കേള്‍ക്കും എന്ന നേരിയ പ്രതീഷ അയാളുടെ പ്രായമായിത്തുടങ്ങിയ ഹൃദയത്തിന്‍റെ ഏതോ ഇരുണ്ട മൂലയില്‍ മറഞ്ഞിരുന്നു.
     കുറച്ചു നേരം അവിടെ അങ്ങനെ ഇരുന്നപ്പോള്‍ മാധവന്‍ ഐ സി യു ഉടെ ചില്ല് ജാലകതിലെക്ക് നോക്കി. ജാലകത്തിനു ഉള്ളില്‍ ഒരു പച്ച തുണികൊണ്ട് അക കാഴ്ചകള്‍ മറച്ചിരുന്നു. എങ്കിലും അതിലെ  ഒരു ചെറിയ വിടവ് അയാള്‍ ശ്രദ്ധിച്ചു. ആ വിടവിലൂടെ നോക്കുമ്പോള്‍ അകത്തുള്ള ഒരു ചുവര് കാണാം. കുറച്ചു നേരം ആ ചെറിയ വിടവിലൂടെ ആ ചുവര്‍ തന്നെ നോക്കി അയാള്‍ ഇരുന്നു. അധികം വൈകാതെ മാധവന്‍റെ കണ്ണുകള്‍ ആ ചുവരിലെ ഒരു നിഴലിനെ കണ്ടെത്തി. ഐ സി യു ഉടെ അകത്തെ ചുവരിലെ ആ നിഴല്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ആ നിഴല്‍ കഴിഞ്ഞ രണട് ദിവസങ്ങളിലായി അയാള്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.  ചില്ല് വാതില്‍ മറച്ചിരുന്ന ആ പച്ച തുണി കാറ്റില്‍ അനങ്ങുമ്പോഴും, ഡോക്റെര്മാരും നേഴ്സുമാരും ആ മുരിയിലെക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള ചെറിയ ചെറിയ അവസരങ്ങളില്‍ തുറക്കുന്ന വാതിലിനിടയിലൂടെ ആ നിഴല്‍ ആരുടെതാണെന്നും അല്ലെങ്ങില്‍ എന്തിന്‍റെതാണെന്നും അറിയാന്‍ അയാള്‍ പല തവണ ശ്രമിച്ചിരുന്നു.
     ഒരു മനുഷ്യന്‍റെ ഏകദേശ രൂപമാണ് ആ നിഴലിനുള്ളത്. അസാമാന്യമായ പൊക്കവും വലുപ്പവും അതിനു തോന്നിപ്പിച്ചു.  ഒരു മനുഷ്യന്‍റെതാണെങ്കില്‍ അത് ആണോ പെണ്ണോ? ഇത്രയും നേരം ഒരു അനക്കവും ഇല്ലാതെ ആ രൂപം എന്തിനു അങ്ങനെ നില്‍ക്കണം? ഇനി അവിടെയുള്ള വല്ലോ വസ്ത്തുക്കളുടെയും നിഴലാണെങ്കില്‍ അത് നല്ല ഉയരമുള്ള വല്ലോ ഷെല്‍ഫുമായിരിക്കണം. എന്നാല്‍ അങ്ങിനെ ഒന്ന് അവിടെ ഇല്ലെന്നു രണട് ദിവസത്തെ നിരീഷണത്തില്‍ നിന്നും മാധവന് ഏകദേശം ഉറപ്പാണ്‌.  എങ്കിലും ആ നിഴലിനെ അയാള്‍ കാണുനുണ്ട്. ഒന്ന് അയാള്‍ക്ക് ഉറപ്പാണ്‌ ആ നിഴല്‍ നീങ്ങുന്നില്ല. ഒരു മനുഷ്യ രൂപമായി തന്നെ മാധവനു അത് തോന്നിപിച്ചു. മകന്‍റെ അവസ്ഥ ഗുരുതരമാണെന്നും രക്ഷപെടാന്‍ ഒരു  ശതമാനം പോലും അവസരം ഉണ്ടെന്നു പറയാന്‍ ആകില്ലെന്നും ഡോക്ടര്‍ തന്‍റെ സഹോദരനോട് പറയുന്നത് കേട്ടതിനു ശേഷമാണു മാധവന്‍ ആ നിഴലിനെ ശരിക്കും ശ്രദ്ധിക്കുകയും അതിനെ കുറിച്ച് വല്ലാതെ അസ്വസ്തനാകുകയും ചെയ്തു തുടങ്ങിയത്. അതിനു മുന്‍പും ആ നിഴല്‍ അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് അയാള്‍ ആലോചിച്ചു നോക്കിയെങ്കിലും കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.
     എപ്പോഴാണ് താന്‍ ഉറങ്ങിപ്പോയതെന്നു മാധവനു വ്യക്തമായി ഓര്‍മ്മയില്ല. അയാള്‍ ഇരിക്കുന്ന വരാന്തയിലെ ബെഞ്ചിന് അടുത്ത് കുറച്ചാളുകള്‍ വന്നു കൂടി. പുറകെ കുറച്ചു സ്ത്രീകളും. വന്നപാടെ കരച്ചിലും ബഹളവുമായി. വീണ്ടും വരാന്ത ഉണര്‍ന്നു. ഈ പ്രക്രിയ മാധവനു പരിചയമായി കഴിഞ്ഞിരുന്നു. ആരോ ഒരാള്‍ കൂടി വിട വാങ്ങുകയായി. ഉറക്കം അയാളില്‍ നിന്ന് ഒഴിഞ്ഞു പോയി. ആ ബെഞ്ചില്‍ ആയാല്‍ നിവര്‍ന്നിരുന്നു അവിടെ കൂട്ടം കൂടി നിന്നവരെ അയാള്‍ നോക്കിയിരുന്നു.  കരച്ചിലും, നെഞ്ഞതത്തടിയും, ഞെരുങ്ങിയും, തെങ്ങിയുമുള്ള കരച്ചിലും കൊണ്ട് അന്തരീഷതിനു ഖനം കൂടി കൂടി വന്നു. വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 5 : 30  മണിയായിരിക്കുന്നു. ഒരു ചായ കുടിക്കുവാന്‍ മാധവന്‍ പതുക്കെ കാന്റിനിലേക്ക് നടന്നു തുടങ്ങി. പടികള്‍ ഇറങ്ങുവാന്‍ തുടങ്ങുന്നതിനു മുന്‍പ് അയാള്‍ ഒന്ന് കൂടി ചില്ലു വാതിലിന്‍റെ പഴുതിലൂടെ നോക്കി. ആ നിഴല്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍. അത് അവിടെ തന്നെ ഉണ്ടെന്നാണ് അയാള്‍ക്ക്‌ തോന്നിയത്.
     കാന്റീനില്‍ നിന്നും ചായ കുടിച്ച ശേഷം മാധവന്‍ ലിഫ്റ്റ്‌ വഴി നാലാം നിലയില്‍ എത്തി. രുക്മണിയും സഹോദരിയും കരഞ്ഞു ഷീനിച്ചു രാത്രിയില്‍ എപ്പോഴോ ഉറക്കം പിടിച്ചിരുന്നു. ഒരു നിമിഷം ഒന്ന് മടിച്ചു നിന്ന ശേഷം അവരെ അയാള്‍ പതുക്കെ ഉണര്‍ത്തി. അവര്‍ക്കുള്ള ഭക്ഷണവും ഫ്ലാസ്ക്കില്‍ മൂന്ന് ചായയും വരുത്തിച്ചു. അവര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് അയാള്‍ ഒന്ന് കുളിച്ചു ഉന്മേഷം വീണ്ടെടുക്കാന്‍ ഒരു ശ്രമം നടത്തി. തണുത്ത വെള്ളത്തിലുള്ള ആ കുളി ശരീരത്തിനു കുറച്ചു ഉന്മേഷം പറക്ന്നു. പക്ഷെ മനസ്സിലെ മരവിപ്പിന് ഒരു കുറവും അനുഭവപ്പെട്ടില്ല.
     ഏഴു മണിക്കാണ് ഡോക്ടര്‍ റവുണ്ട്സിനു വരുന്നത്. അതിനു മുന്‍പേ മാധവനും രുക്മണിയും ഐ സി യു യുടെ മുന്നിലെ ബഞ്ചില്‍ സ്ഥാനം പിടിച്ചു. മകനെ കുറിച്ചു ഓര്‍മ്മകളില്‍ അവര്‍ താത്കാല ആശ്വാസം കണ്ടെത്തി, ഒപ്പം ഡോക്ടര്‍ ഇന്ന് എന്ത് പറയും എന്നുള്ള ആദിയും അവരെ അലട്ടികൊണ്ടിരുന്നു.  രാവിലെ തന്നെ ബന്ധുക്കള്‍ വന്നു തുടങ്ങിയിരുന്നു. അവരില്‍ ചിലര്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മുഴുകി. ഏഴര മണി സമയമായപ്പോള്‍ ഡോക്ടര്‍ റൌണ്ട്സു  പൂര്‍ത്തിയാക്കി ഐ സി യു യുടെ വാതില്‍ക്കല്‍ വന്നു രുകമണിയുടെ സഹോധരനൊട് അടുത്ത് വരാന്‍ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു. അയ്യാള്‍ വേഗം ഡോക്ട്ടറുടെ അടുത്തേക്ക് ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. നിലത്ത് നോക്കി നിഷേധ ഭാവത്തില്‍ ശിരസ്സ് ആട്ടി കൊണ്ട് ഡോക്ടര്‍ തന്‍റെ മുറിയിലേക്ക് കയറിപ്പോയി.  രുക്മണിയുടെയും മാധവന്‍റെയും അടുത്തേക്ക് തരിച്ചു നടന്ന അയാളുടെ ചുറ്റും ബന്ധുക്കള്‍ കൂടി നിന്നു. "ഹാര്‍ട്ട് ബീറ്റ്‌ കുറഞ്ഞു വരുകയാണ്. ഇപ്പൊ തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇന്ന് എപ്പോ വേണമെങ്കിലും സംഭവിക്കാം", അയാളുടെ വാക്കുകള്‍ ഇടറി. രുക്മിണിക്ക് തലകറങ്ങുന്നത് പോലെ തോന്നി. അവര്‍ മോഹാത്സ്യപ്പെട്ട് മാധവന്‍റെ മടിയിലോട്ട് വീണു. ബന്ധുക്കളില്‍ ചിലര്‍ അവരെ താങ്ങി എടുത്തു മുറിയില്‍ എത്തിച്ചു. മാധവന്‍ വിതുംബികൊണ്ട് ചുട്ടു നീറുന്ന ഒരു ഹൃദയവുമായി ബഞ്ചില്‍ തന്നെ ഇരുന്നു. സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ അയാളുടെ സഹോദരന്മാര്‍ അയാള്‍ക്ക് ചുറ്റും നിന്നു. അയാള്‍ക്ക്‌ ഒന്ന് ഉറക്കെ കരയണമേന്നുണ്ടായിരുന്നു. അയാളുടെ മനസ്സില്‍ "മോനെ" എന്നൊരു തേങ്ങള്‍ നിലനിന്നു. അയാള്‍ക്ക്‌ മാത്രം കേള്‍ക്കാവുന്ന ഒരു തേങ്ങല്‍. കലങ്ങിയ കണ്ണുകള്‍ കൊണ്ട് അയാള്‍ വീണ്ടും ആ നിഴലിനെ നോക്കി കണ്ടു. ആ രൂപത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മകന്‍റെ ഓര്‍മകളുമായി മാധവന്‍ അതിനെ തന്നെ നോക്കി ഇരുന്നു.
     ഒമ്പതര മണിയായപ്പോള്‍ നെഴ്സുമാരില്‍ ചിലര്‍ ഡോക്ടറുടെ മുറിയിലേക്ക് ധൃതിയില്‍ കയറിപ്പോയി. അവര്‍ തിരിച്ചു മുറിയില്‍ നിന്നു ഇറങ്ങുമ്പോള്‍ ഡോക്ടറും കൂടെ ഉണ്ടായിരുന്നു. ഐ സി യു വിലേക്ക് അവര്‍ വേഗത്തില്‍ കയറിപ്പോയി. അവര്‍ക്ക് പിന്നില്‍ ആ ചില്ല് വാതില്‍‍ വേഗത്തില്‍ അടഞ്ഞു. അല്‍പ്പം കഴിഞു ഡോക്ടര്‍ പുറത്തേക്കു ഇറങ്ങി വന്നു. അയാള്‍ മാധവന്‍റെ അടുത്തേക്ക് നടന്നു അടുത്തു. മാധവന്‍ ഡോക്ടറുടെ മോഖത്തോട്ടു തന്നെ നോക്കി ഇരുന്നു.
" ഐ എം സോറി, ഒന്നും ചെയ്യാന്‍ പറ്റിയില്ല, എല്ലാം തീര്‍ന്നു. " മാധവന്‍റെ ചുമലില്‍ കൈവച്ചു കൊണ്ട് ഡോക്ടര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തീര്‍ത്തു. നിലവിളികളും, വിതുംബലുകളും കൊണ്ടു ആ മുറി നിറഞ്ഞു. അടുത്തിരിക്കുന്ന ഒരു സുഹൃത്തിനെ കേടിപിടിച്ചു കൊണ്ടു മാധവന്‍ ഉറക്കെ കരഞ്ഞു. നാലാം നിലയിഎല്‍ വാര്‍ഡും വ്യത്യന്‍സ്തമായിരുന്നില്ല.
     മകന്‍റെ ജീവനറ്റ ശരീരം വീട്ടിലേക്കു കൊണ്ടുപോകുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ബന്ധുക്കള്‍ ചെയ്യുന്നത് മാധവന്‍ കരഞ്ഞു തളര്‍ന്ന മിഴികളിലൂടെ കണ്ടു. ഒന്നും നിര്‍ദ്ദേശിക്കാനൊ മിണ്ടുവാനൊ ഉള്ള ശക്തി അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല. എല്ലാം തയ്യാറായപ്പോള്‍ വിട്ടിലേക്ക് മടങ്ങുവാന്‍ തുടങ്ങുമ്പോള്‍ സുഹൃത്തിന്‍റെ ചുമലില്‍ തല വച്ച് കാറിലേക്ക് നടക്കുന്ന,  പുത്രനെ നഷ്ടപ്പെട്ട ആ പിതാവ് അവസാനമായി ആ ചില്ല് വാതിലിലൂടെ നോക്കി. അവിടെ ആ നിഴല്‍ ഉണ്ടായിരുന്നില്ല.

പെനകത്തി.

Monday, May 17, 2010

യൂറോപ്പ് വര്‍ക്കി

     പുലര്‍ച്ചെ അഞ്ചു മണിക്ക് കോഴി കൂവുന്നതിനു കാത്ത് നില്‍ക്കാതെ ആ വയസ്സന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു.  പതുക്കെ പതുക്കെ ഉറക്കം കണ്പോളകളില്‍ നിന്നും വിട വാങ്ങി തുടങ്ങിയിരുന്നു. ശരീരവും മനസ്സും  ഒരു പുതിയ പകലിനെ ഉള്‍കൊള്ളാന്‍ തയ്യാറായി കൊണ്ടിരുന്നു. കിടക്കയില്‍ ഇരുന്നു പാതി തുറന്ന കണ്ണുമായി ആ വൃദ്ധന്‍ ഒന്ന് ഞെരുങ്ങി. കൈകള്‍ ഉയര്‍ത്തി കാലുകള്‍ നിവര്‍ത്തി ശരീരം മുഴുവന്‍ ഒന്ന് വരിഞ്ഞു അയാള്‍ ഷീണം തീര്‍ത്തു. ആറു മണിക്കുള്ള കുര്‍ബാനയ്ക്ക്, ആദ്യ മണി മുട്ടുംബോഴേക്കും പള്ളിയില്‍ എത്താന്‍, വര്‍ക്കി ഇങ്ങനെ കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇത് പോലെ ഉറക്കം ഉണരാറുണ്ട്.

     കുര്‍ബാനയ്ക്ക്  നില്‍ക്കുമ്പോള്‍ വര്‍ക്കിക്ക് പല ചിന്തകളാണ്. മരിച്ചു പോയ ഭാര്യയെ കുറിച്ച്, മക്കളെ വളര്തിയതിനെ കുറിച്ച്, അങ്ങാടിയിലെ ചീട്ടു  കളി സംഘത്തെ കുറിച്ച്. കുര്‍ബാന അവിടെ അല്ത്താരയില്‍  പുരോഹിതന്‍ നടത്തുന്നു, ഇവിടെ വര്‍ക്കി സ്വന്തം ലോകത്ത് കറങ്ങുന്നു. എന്തോകെ ചിന്തയിലായാലും മുക്ക്യമായ പ്രാര്‍ത്ഥനയില്‍ വര്‍ക്കിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. "കര്‍ത്താവേ എനിക്ക് സായിപ്പന്‍ മാരുടെ യുറോപ്പ് ഒന്ന് കാണാന്‍ സാധികണേ. അതിനു ശേഷം ഞാന്‍ അങ്ങോടു വന്നോളമേ ". മൂത്ത മകന്‍ പത്തു കൊല്ലം മുന്‍പ് ഇന്ഗ്ലാണ്ടിലേക്ക് പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ വര്കിക്ക് ഈ പൂതി മനസിലേക്ക് ചേക്കേറി.  നാളിതുവരെ ഇന്ഗ്ലാണ്ട് കാണുമെന്ന നേരിയ സൂചന പോലും കിട്ടിയില്ലെങ്ങിലും ഒരു പുതിയ പേര് നാടുകാരുടെ ഇടയില്‍ ആ വയസ്സനു കിട്ടി.  യൂറോപ്പ് വര്‍ക്കി. ആ വിളി കേള്‍ക്കുമ്പോള്‍ വര്കിക്ക് കലിയാണ്‌ തോന്നുക. വര്‍ക്കി അടി മുടി വിറക്കും. നാണക്കേടും സങ്കടവും എല്ലാം കലര്‍ന്ന ഒരു മിശ്രിത വികാരം അയാളില്‍ നിറയും. പിന്നെ ഒറ്റ ചീറ്റലാണ്  ആ പേര് വിളിച്ചവന് നേരെ. വിളിച്ചവനും അവനതെ വീട്ടുകാര്‍ക്കും, അവിടെ നില്‍ക്കുന്ന എല്ലാവര്ക്കും വര്‍ക്കിയുടെ വക തെറി അഭിഷേകമാണ് പിന്നെ.

     ഒരിക്കല്‍ അങ്ങാടിയില്‍ വച്ച് ഏതോ ഒരുത്തന്‍ തമാശക്ക് വിളിച്ചു ചോദിച്ചു " യൂറോപ്പിലോക്കെ  തണുപ്പ് തുടങ്ങിയോ വര്‍ക്കിചെട്ടാ ." അന്ന് തെറി അഭിഷേകം അതിന്റെ ഉച്ചസ്ഥായിലെതിയപ്പോള്‍ വികാരി അച്ഛന്‍ ആ വഴി വന്നു. അച്ഛനതെ നശിച്ച സമയം എന്നല്ലാതെ എന്ത് പറയാന്‍, ആരാണ് എന്താണെന്നൊന്നും നോക്കാതെ വര്‍ക്കി അച്ഛനതെ തള്ളക്കിട്ടും ഒരു പ്രയോഗം നടത്തി.  വികാരി അച്ഛന്‍ ഒരു രവി വര്‍മ ചിത്രം പോലെ നിശ്ചലം. വര്കിക്കു പിന്നെ അവിടെ നില്ക്കാന്‍ തോന്നിയില്ല. പിന്നീട് രഹസ്യമായി ചെന്ന് വര്‍ക്കി അച്ഛനോട് മാപ്പ് പറഞ്ഞു.  ഒരു വികാരിയുടെതു ഇല്ലെങ്കിലും ഒരു സാധാരണ പുരോഹിതനതെ അതുമില്ലേല്‍ ഒരു സാധാരണ മനുഷ്യന്‍റെ പരിഗനയെങ്ങിലും തനിക്കു തരണം എന്നായിരുന്നു അച്ഛന്റെ മറുപടി.  അതില്‍ പിന്നെ മുന്നത്തെ പോലുള്ള സന്ദര്‍ഭങ്ങളില്‍ വര്‍ക്കി പരമാവധി സംയമനം പാലിച്ചു പോന്നു.

     രണ്ടു വര്ഷം മുന്‍പ് ഒരു രാത്രി വര്കിക്ക് ഒരു നെഞ്ച് വേദന വന്നു. വര്‍ക്കിയുടെ ഭാഷയില്‍ 'ഹാര്ട്ടാക്ക് '. ഹാര്ട്ടാക്ക് വന്നതില്‍ പിന്നെ ആ വയസ്സനു യുറോപ്പിനോടുള്ള പ്രേമം കൂടിയിരിക്കാണ്.

     കുര്‍ബാന കഴിഞ്ഞു വര്‍ക്കി സിമിത്തേരിയില്‍ പോയി തന്‍റെ പ്രിയതമയോട് സല്ലപിച്ചു. എന്നിട് സ്ഥിരം സ്ഥലമായ അന്ഗാടിയിലോട്ടു നടന്നു. നടക്കാന്‍ ബുധിമുട്ടുന്ടെങ്ങിലും അങ്ങടിയിലോട്ടാകുമ്പോള്‍ വര്കിക്ക് വല്യ ഉത്സാഹമാണ്.  ചീട്ടു കളി കാണാനും സൊറ പറയാനുമുള്ള ഒരു വെപ്രാളം, കുര്‍ബാന കഴിഞ്ഞാല്‍ ഉടനെ അയാളെ പിടികൂടും. കയയിലൂള്ള കാലന്‍ കുട നിലത്തു കുത്തി ആ വൃദ്ധന്‍ വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ചീട്ടു കളി സംഗതിന്റെ ആദ്യ റൌണ്ട് കഴിഞ്ഞു കാണും എന്നു വര്‍ക്കി ചിന്തിച്ചു. അയാള്‍ കൂടുതല്‍ വേഗത്തില്‍ നടക്കാന്‍ ശ്രമിച്ചു. 

     അങ്ങാടിയിലേക്ക് തിരിയുന്ന നാലും കൂടിയ വഴി എതിയപ്പോഴെക്കും വര്‍ക്കി നന്നായി കിതച്ചിരുന്നു.  അയാള്‍ പതുക്കെ അന്ഗാടിയിലോട്ടു തിരിഞ്ഞു. അവിടെ ഒരു കടയുടെ തിണ്ണയില്‍ നാല്‍വര്‍ സംഗം ഇരിക്കുന്നത് വര്‍ക്കി ശ്രദ്ധിച്ചു.  അവിടെ കളി പോടീ പോടിക്കുകയാണ്. കളി കാണാന്‍ നില്‍ക്കൂന്നവരുടെ ആവേശം അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. വര്‍ക്കി അങ്ങോട്ട്‌ നടന്നു...  കാണികളില്‍ ചിലര്‍ ആ വയസ്സനു കളി കാണാന്‍ ഇടമുണ്ടാക്കി കൊടുത്തു. കളിയ്ക്കാന്‍ ഇരിക്കുന്നതു ബാബുവും, മാധവനും, സന്തോഷും പിന്നെ ഇറച്ചി വെട്ടുകാരന്‍ ജോര്‍ജിന്റെ സിന്ഗടി രാഘവനും ആണെന്ന് തിരിച്ചറിയാന്‍ ആ വയസ്സനു അതികം പണിപ്പടെണ്ടി വന്നില്ല.  വര്‍ക്കിയെ കണ്ടപ്പോള്‍ രാഖവന് ഒരു ഇളക്കം. രാഖവന്‍ ബാബുവിനെ നോക്കി ഒരു കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചു.   വര്‍ക്കി കളിയില്‍ മുഴുകിയപ്പോള്‍ രഖവന്റെ കൊനഷ്ടു ചോദ്യം അങ്ങാടി കേട്ടു..."എന്താ വര്‍ക്കി ചേട്ടാ യുറോപ്പിലെ രാണ്ജിക്ക് സുഖാണോ..." ചീട്ടു കളിക്കുന്നവര്‍ രാഖവന്‍ ഒഴികെ, കളിയൊന്നു നിറുത്തി വര്‍ക്കിയെ നോക്കി... പച്ചക്കറിക്കാരി അമ്മിണി കാക്ക നോക്കുന്നത് പോലെ കടയില്‍ നിന്നും തല പുറത്തേക്കു നീട്ടി നോക്കി. ഒരു നിമിഷത്തേക്ക് അങ്ങാടി മുഴുവന്‍ വര്‍ക്കിയെ തന്നെ നോക്കി നിന്ന്. എങ്ങും നിശബ്ധതത. അത്ഭുദം!!!! ഒന്നും സംഭവിച്ചില്ല. വര്‍ക്കി കളിക്കാരുടെ നടുവില്‍ ഇട്ടിരിക്കുന്ന ചീട്ടിലോട്ടു തന്നെ നോക്കി നിന്നു.  രാഖവന് എന്തോ ഒരു വല്ലായ്മ തോന്നി. പ്രതീഷിച്ചത് നടക്കാതതിലുള്ള ഒരു വീര്‍പ്പു മുട്ടല്‍.  ചീട്ടു കളി തുടര്‍ന്നു.. അമ്മിണി തല ഉള്ളിലേക്ക് വലിച്ചു വില്‍പ്പന തുടര്‍ന്നു. അങ്ങാടി പഴയ പോലെ ആയി. പ്രതീഷിച്ചത് എന്തോ ഒന്ന് നടക്കാത്തത് പോലെ അങ്ങാടിക്ക് ഒരു പരിഭവം. യാന്ത്രികമായി ആളുകള്‍ അവിടെ അവരവരുടെ പണി തുടര്‍ന്നു.

     നേരം പത്തു മനിയോടടുത്തു. നിന്നു നിന്നു വര്‍ക്കിയുടെ ശരീരതിലോട്ട് ഷീണം ഇരച്ചു കയറി തുടങ്ങി.  ചുറ്റും കളികണ്ട് സൊറ പറഞ്ഞു നിന്നിരുന്നവരില്‍ പലരും പോയി തുടങ്ങിയിരുന്നു. ചീട്ടു കളി അവസാനതിലേക്കു നീങ്ങി കൊണ്ടിരുന്നു. വര്‍ക്കി പതുക്കെ ആള്കൂട്ടത്തില്‍ നിന്നും പുറത്തേക്കു വലിഞ്ഞു. വീട്ടില്‍ ചെന്നു   ഭക്ഷണം കഴിക്കാന്‍ അയാള്‍ പതിയെ വീടിന്റെ ദിശയിലേക്ക് നടന്നു തുടങ്ങി.  അയാള്‍ നടന്നു അങ്ങാടിയുടെ ഒരു അറ്റത്തേക്ക് എത്തി.  അപ്പോഴാണ് മീന്‍കാരന്‍ മണിയന്‍ അന്ഗാടിലോടു തന്‍റെ സൈക്ലില്‍ വന്നത്. അന്നത്തെ വില്‍പ്പന ഇനിയും ബാക്കിയുണ്ട്. ഒരു ചായ കുടിക്കാന്‍ അന്ഗാടിലോട്ടു വന്നതാണ്‌ അവന്‍. സൈക്കിള്‍ സ്റ്റാന്‍ഡില്‍ ഇട്ടു അന്തോണിയുടെ ചായ പീടികയില്‍ കയറി നിന്നു ഒരു ചായ പറഞ്ഞു.  അങ്ങാടിയുടെ അറ്റത് വര്‍ക്കി ഇഴഞ്ഞു നീങ്ങന്നത് കണ്ടപ്പോള്‍ മണിയനെ ചെകുത്താന്‍ പിടികൂടി.  ചായ കടയില്‍ നിന്നു പുറത്തേക്കു ഇറങ്ങി നിന്നു മണിയന്‍ നീട്ടി വിളിച്ചു ചോദിച്ചു "യുറോപ്പ് വര്‍ക്കിയെ എന്നാ പോണേ എന്നേം ഒന്ന് കൊണ്ട് പോകുമോ ??????"
അങ്ങാടി വീണ്ടും ശാന്തം. വര്‍ക്കിയുടെ കാലിനടിയിലെ മണ്ണിനു തീ പിടിച്ചു. ആ ചൂട് കാലില്‍ നിന്നും ശിരസ്സിലേക്ക് എല്ലാ ഞെരംബുകളിലൂടെയും പാഞ്ഞു കയറി. തിരിഞ്ഞു നിന്നു അങ്ങാടിയുടെ തല്ലക്കള്‍ നിന്നു വര്‍ക്കി അതിനുള്ള മറുപടി കൊടുത്തു.  " നിന്റെ തള്ളേടെ രണ്ടാം കെട്ടിന്റെ അന്ന്...... നിനതെ ചത്ത്‌ പോയ തന്തേം കൂടി വിളിച്ചോ ഞാന്‍ കൊണ്ട് പോകാം...." എന്നിട് വീട്ടില്‍  ചൂട് ആറി കൊണ്ടിരിക്കുന്ന കഞ്ഞിയും ഓര്‍ത്തു വര്‍ക്കി അങ്ങാടിയില്‍ നിന്നും നടന്നകന്നു. അങ്ങാടിക്ക് പുതു ജീവന്‍ വച്ചു. ചീട്ടു കളിക്കാര്‍ ഒരു റൌണ്ട് കൂടി കളിയ്ക്കാന്‍ ചീട്ടിട്ടു. മണിയന്‍ ചായ കടയുടെ ബെഞ്ചില്‍ ചാരായം കുടിച്ച പോലെ ചാരിയിരുന്നു. ചായ കടക്കാരന്‍ അന്തോണി ചിരി നിറുത്താതെ രണ്ടാമത്തെ ചായ അടിച്ചു പതപ്പിച്ചു ചൂട് കളഞ്ഞു മണിയന്റെ മുന്നില്‍ വച്ചു കൊടുത്തു.

പെനകത്തി.

Thursday, May 13, 2010

എന്‍റെ തുടക്കം

എല്ലാം മാറിയിരിക്കുന്നു ഇപ്പോള്‍ .... 
ഇത് എന്റെ  പുതു ജന്മം. ഇതു ബ്ലോഗ്‌ ജീവിതത്തിലെ എന്റെ രണ്ടാം ജന്മം. എഴുതാന്‍ ആഗ്രഹിക്കുകയും എന്നാല്‍ എഴുതാന്‍ കഴിയാതെ വീര്‍പുമുട്ടുകയും ചെയുന്ന ആളുകള്‍ക്ക് ഞാന്‍ ഒരു ഉദാഹരണം മാത്രം.
ആദ്യത്തെ എഴുത്ത് ശ്രമം നാലു കൊല്ലം മുന്‍പ് നടത്തി. എങ്ങനെ എഴുതണം എന്തെഴുതണം  എന്നിങ്ങനെ പല അശയകുഴപ്പങ്ങള്‍.  എഴുതി എന്തോകെയോ. ചിലത് മുഴുവനാക്കി ചിലത് പാതിയില്‍ നിറുത്തി.... കുറച്ചു കഴിഞ്ഞു എല്ലാം നിറുത്തി. എഴുതുന്ന എനിക്ക് പോലും ഇഷ്ടമില്ലാത്തത് ഞാന്‍ എന്തിനു മറ്റുള്ളവരെ കൊണ്ട് വയിപ്പികണം? അത്  ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ കരുതുന്നു.
പിന്നെ പണ്ട് ഞാന്‍ വിമര്‍ശിച്ചവരെ ഓര്‍ത്തു.... അവര്‍ വെറുതെ ഇരിക്കുമോ.... എന്തൊകെയോ എഴുതി അത് ഭയങ്കര സംഭവമാണെന്ന്  കരുതി പബ്ലിഷ് ചെയ്ത കുറെ കൂട്ടുകാരുണ്ട് എനിക്ക്... അത് വായിച്ചു ഒന്നും മന്സില്ലകാതെ അതൊരു സംഭവമാണെന്ന് പറഞ്ഞവരും  കുറവല്ല ... എന്തായാലും ഒരാള്കും മനസിലാകാത്ത പോലെ എഴുതാന്‍ ഞാന്‍ മേനകെടില്ല....
ഇപ്പോള്‍ എന്തിനു എഴുതുന്നു എന്ന് ചോദിച്ചാല്‍ .... ഇപ്പോള്‍ ഒരു ശ്രമം നടത്താനുള്ള സമയം ആയെന്നു ഒരു തോന്നല്‍...... ആ പഴയ പ്രീ ഡിഗ്രി കാരന്റെ  വാകുക്കള്‍ ഞാന്‍ ഓര്‍ക്കുന്നു.."എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ ......."

എന്നു,
പേനാകത്തി.