Saturday, September 4, 2010

മറുക്

നാല് മണിക്ക് കൂട്ട മണിയടിച്ചു. സ്കൂള്‍ വിട്ടു. എല്ലാവരും തിടുക്കത്തില്‍ സ്കൂള്‍ ബാഗ് ഒതുക്കി. സ്കൂള്‍ ബസ്സില്‍ പോകാനുള്ള കുട്ടികള്‍ വേഗം ക്ലാസ്സില്‍ നിന്നും ഓടി. ബസ്സില്‍ ആദ്യം എത്തിയാലെ സീറ്റ്‌ കിട്ടു. കൂടുതല്‍ വേഗത്തില്‍ ഓടി ആദ്യം എത്തിയാലെ ജനാല സീറ്റ്‌ കിട്ടുകയുള്ളൂ. വെള്ളിയാഴ്ച്ച ആയതിനാല്‍ കുറച്ചു ആണ്‍കുട്ടികള്‍ ബാഗ് ഒതുക്കി വേഗം ഗ്രൌണ്ടിലേക്ക് പാഞ്ഞു. ക്രികറ്റും ഫുട്ബോളും കളിയ്ക്കാന്‍. പെണ്‍കുട്ടികളില്‍ ചിലര്‍ കല്ലുകളിക്കാനും വെറുതെ സോറ പറയാനും ഗ്രൌണ്ടിന്‍റെ വശങ്ങളില്‍ ഉള്ള മാവിന്‍ തറയിലെക്കും സ്കൂളിന്‍റെ ചെറിയ പാര്‍ക്കിലേക്കും പോയി.എങ്ങും പോകാന്‍ തിടുക്കം കാട്ടാതെ രോഹിണി ക്ലാസ്സില്‍ തന്നെ ഇരുന്നു. ഒരു മടിച്ചിയെ പോലെ ബാഗ്  പതുക്കെ ഒതുക്കി. ജാന്സിയും തെരേസയും അവളെ വിളിച്ചപ്പോള്‍ "എനിക്ക് സുകല്യ നിങ്ങള് പോയ്ക്കോ " എന്ന് പറഞ്ഞു ഒഴിഞ്ഞു. മനസ്സില്‍ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. എല്ലാവരും പോയി എന്ന് ഉറപ്പായപ്പോള്‍ അവള്‍ പതുക്കെ എഴുന്നേറ്റ് ക്ലാസില്‍ ഒന്ന് നടന്നു. അവസാനത്തെ പിരിടിലെ ടിച്ചര്‍ എഴുതി നിറച്ച ആ കറുത്ത ബോര്‍ഡ്‌ മായ്ച്ചു വൃത്തിയാക്കി തുടങ്ങി. നനഞ്ഞ തുണി കൊണ്ട് മായ്‌ക്കുമ്പോള്‍ അടര്‍ന്നു വിഴുന്ന വെളുത്ത ചോക്ക് പൊടിയെ അവള്‍ നോക്കി ആസ്വദിച്ചു. നനവ്‌ പടരുമ്പോള്‍ ബോര്‍ഡിന്‍റെ കറുപ്പിന് കട്ടി കൂടുന്നതും അവള്‍ കണ്ടു. എന്തോ ഒരു സുഖം തോന്നി അത് കാണുമ്പോള്‍.

ബോര്‍ഡു വൃതിയക്കിയിട്ട് അവള്‍ ജനാലയുടെ അടുത്ത് കുറച്ചു നേരം വന്നു നിന്ന്. പുറത്തേക്കു ഒന്ന് നോക്കി എല്ലാവരും എന്ത് ചെയ്യുന്നു എന്ന് കണ്ടു. അവള്‍ എന്തോ ഓര്‍ത്തെന്ന പോലെ വേഗം തന്റെ ബാഗിന്റെ അടുത്ത് വന്നിരുന്നു. മലയാള പാഠപുസ്തകം തുറന്നു. അതിലെ ആ ഫോട്ടോസ്റ്റാറ്റ് കടലാസ്സു എടുത്തു അവളുടെ മുന്നില്‍ വച്ചു. തന്‍റെ പേനയെടുത്തു പിടിച്ചു.

എസ്. എസ്. എല്‍. സി ബുക്കിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയിലൂടെ രോഹിണി കണ്ണോടിച്ചു. തിന്ഗളാഴ്ച ഇത് പൂരിപ്പിച്ചു ക്ലാസ്സ്‌ ടീച്ചര്‍ക്ക് കൊടുക്കണം. ഏറ്റവും ആദ്യം രോഹിണി നോക്കിയത് തന്‍റെ ഒപ്പ് എവിടെ ഇടണം എന്നുള്ളതാണ്. ജീവിതത്തില്‍ താന്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കടലാസ്സില്‍ ഒപ്പിടുകയാണ്. അതില്‍ ഇടുന്ന ഓപ്പണ് ഇനി തന്നെ തിരിച്ചറിയുന്ന ഒരു വഴി. അതാണ്‌ താന്‍ ജീവിതത്തില്‍ എപ്പോഴും ഉപയോഗിക്കാന്‍ പോകുന്നതും. ആ കടലാസ്സില്‍ ചേര്‍ക്കാന്‍ പോകുന്ന ഒപ്പിന്‍റെ പ്രാധാന്യം രോഹിണി ഒരു മാസം മുന്‍പേ മനസ്സിലാക്കിയിരുന്നു. കുറച്ചു നാളായി ഒരു നല്ല ഒപ്പുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. പലതും പരീഷിച്ചു. പലതും എഴുതിനോക്കി. പലരുടെയും ഒപ്പ് ശ്രദ്ധിച്ചു. അച്ഛന്‍റെ, അമ്മയുടെ, ചെട്ടന്‍റെ, ടിച്ചര്‍മാരുടെ, കൂട്ടുകാരികളുടെ, അങ്ങനെ പറ്റുന്നവരുടെ ഒക്കെ. അങ്ങനെ ഒരു ഒപ്പ് തരപ്പെടുത്തിയെടുക്കാന്‍ മെനക്കെടുംമ്പോളാണ് ഒരു 100 രൂപ നോട്ടില്‍ റിസര്‍ ബാങ്ക് ഗവര്‍ണറുടെ ഒപ്പ് രോഹിണി കാണുന്നത്. കൊള്ളാം. ഇത് പോലെ ഒരെണ്ണം മതി. അതിന്‍റെ പ്രത്യേകത രോഹിണി തന്‍റെ ഒപ്പിലും അനുകരിച്ചു. താഴെ കുത്തുകള്‍ ഇല്ലാതെ നല്ല വലുപ്പത്തില്‍ പരന്നു കിടക്കുന്ന ഒപ്പ്. രോഹിണിയുടെ "ഐ" നു മാത്രം മതി കുത്തുകള്‍. "എന്‍" ന്‍റെ വാല് നീട്ടുകയും വേണം. അങ്ങന കുറെ മെനക്കെട്ടു ശരിപ്പെടുത്തിയിട്ട ഒപ്പ് അവള്‍ ആ കടലാസ്സില്‍ ഒപ്പിന്‍റെ സ്ഥാനത് എഴുതി ചേര്‍ത്തു. ജോറായിട്ടുണ്ട്. ഹും അത്ര മോശമല്ല സൃഷ്ടി. അവള്‍ക്കു അഭിമാനം തോന്നി. തന്‍റെ മുന്നിലുള്ള കടലാസില്‍ മലര്‍ന്നു കിടന്ന ഒപ്പിനെ നോക്കി ഇരുന്നപ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.

ഇനി എന്തൊക്കെയാണ് ഇതില്‍ പൂരിപ്പിക്കേണ്ടത്? അവള്‍ തുടക്കം മുതല്‍ വായിച്ചു തുടങ്ങി. ഒരു ഫോട്ടോ വേണം. അത് വീടിനടുത്തുള്ള 'ചിലംഗ' സ്റ്റുഡിയോവില്‍ പോയി എടുത്തിട്ടുണ്ട്. നാളെ അത് വേടിക്കണം. പിന്നെ പേര്, അച്ഛന്‍റെ പേര്, അമ്മയുടെ പേര്, വിലാസം, ജനന തിയതി, അങ്ങനെ ഓരോന്ന് അവള്‍ വായിച്ചു. കടലാസില്‍ ഒരിടത്തു കണ്ണെത്തിയതും അവള്‍ അതും നോക്കി ഇരുന്നു. മറുക് എന്നെഴുതി രണ്ടു വര. ഒരു മറുക് പോര രണ്ടെണ്ണം വേണം. തന്‍റെ ശരീരത്തില്‍ മറുകുണ്ടോ എന്ന് ചിന്തിച്ചു രോഹിണി കുറച്ചു നേരം പുറത്തോട്ടു നോക്കി ഇരുന്നു.

കൂടെ ഉള്ള കൂട്ടുകാരികളുടെ കാര്യം അവള്‍ ഓര്‍ത്തു നോക്കി. രേഷ്മയ്ക്ക് കവിളത്ത് ഒരു കാക്ക പുള്ളിയുണ്ട്.  ഹെമക്ക് കൈതണ്ടയിലും ഉണ്ട് ഒരു മറുക്. സഹിറാക്ക് കഴുത്തിന്‍റെ പിന്നില്‍ ഒരു പുള്ളിയുണ്ട്. അതിനെ ഇക്കിളി പുള്ളി എന്നാണ് അവള്‍ വിളിക്കുന്നത്. ആരെങ്കിലും മറുകില്‍ തൊട്ടാല്‍ അവള്‍ക്കു ഇക്കിളിയാകുമത്രെ. അപ്പോള്‍ തനിക്ക് ഒരു കാക്കപ്പുള്ളിയോ, മറുകോ ഇല്ലേ. ചിന്തകള്‍ കാട് കേറി പോയി.

മുഖത്തെ കുറിച്ചോര്‍ത്തു. ഇല്ല ഒന്നുമില്ല. കഴുത്തിലുണ്ടോ? അറിയില്ല. വീട്ടില്‍ ചെന്നിട്ട് കണ്ണാടിയില്‍ നോക്കണം. കൈതണ്ടകള്‍ പരിശോധിച്ചു. ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി നോക്കി. ഇല്ല ഒന്നും കാണാനില്ല. ഒരു മറുക് പോലും ഇല്ലാതെ ആണോ താന്‍ ഉണ്ടായതു? സ്കൂള്‍ ഷൂസ് ഊരി പാതങ്ങള്‍ മറുകിന് വേണ്ടി തിരഞ്ഞു. ഒരു രക്ഷയുമില്ല. രണ്ടു കനങ്ങാലിനു മുകളിലും വിഫലമായ തിരച്ചില്‍. നല്ല ഭംഗിയുള്ള കാലുകള്‍ പക്ഷെ ഒറ്റ മറുകില്ല.

മുട്ടിനു താഴെ ഇറങ്ങി കിടക്കുന്ന പാവാട ഒന്ന് പൊക്കി മുട്ടുകള്‍ നോക്കണം. രണ്ടു മുട്ടിന്മേലെങ്ങിലും ഒരു മറുക് ഉണ്ടാകാതിരിക്കില്ല. പക്ഷെ ആരെങ്കിലും കണ്ടാലോ. വീട്ടിലെത്തുന്നത് വരെ കാത്തിരിക്കാന്‍ രോഹിണിക്ക് ക്ഷമയില്ല. അവള്‍ നാലുപാടും കണ്ണോടിച്ചു. ഇല്ല ആരും വരുന്നില്ല. വ്രാന്തയിലെക്കുള്ള ജനാലയില്‍ കൂടെ അവള്‍ നോക്കി. ഇല്ല ഈ നേരത്തു ആരും വരാന്‍ വഴിയില്ല. അവള്‍ പാവാട മുട്ടൊളം പൊക്കി. പരിശോധന തുടങ്ങി. പരിശോധനയുടെ തീവ്രത കൊണ്ടും ഒരു മറുക് കണ്ടുപിടിക്കാനുള്ള ആവേശം കൊണ്ടും അവള്‍ തന്‍റെ പാവാട കുറച്ചു കൂടി തെറുത്തു കയറ്റി മുട്ടിന്റെ മേല്‍ ഭാഗം മുതല്‍ അങ്ങ് താഴോട്ടു കനങ്ങാല്‍  വരെ സൂഷ്മമായ നിരീഷണം തുടര്‍ന്നു.

മറുകിനു വേണ്ടി തിരയുന്ന രോഹിണിയെ കണ്ടു കൊണ്ടാണ് വെളവന്‍ പത്രോസ് അവിടേക്ക് കയറി വന്നത്.  പീറ്റര്‍ എന്നാണ് പേരെങ്കിലും ക്ലാസ്സിലെ എല്ലാരും അവനെ വെളവന്‍ എന്നാണ് വിളിച്ചിരുന്നത്‌. നാവിന് ഇരുതല വാളിന്‍റെ മൂര്‍ച്ചയുള്ള ആള്‍. ടീച്ചര്‍മാര് പോലും അവനോടു സൂക്ഷിച്ചേ സംസാരിക്കു. നാലാളുടെ മുന്നില്‍ ഒരുത്തനെ നാണം കെടുത്താന്‍ വെളവന് അതികം ചിന്തിക്കേണ്ടതില്ല. രോഹിണിയുടെ ഇരിപ്പ് കണ്ടു കയറി വന്ന വെളവന്‍ ഒന്ന് അന്ധാളിച്ചു നിന്ന്. അവള്‍ അവനെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടിയെങ്ങിലും, ഒന്നും സംഭവിക്കാത്ത മട്ടില്‍ പാവാട സാധാരണ രീതിയിലാക്കി പുറത്തോട്ടു നോക്കി ഇരുന്നു.

"എന്താടി, നീ ചോര ചിന്തി രക്തസാക്ഷിയാകുന്ന ദിവസമാണോ ഇന്ന്? എന്താ നിനക്കൊരു വയ്യായ? " പത്രോസിന്‍റെ ചോദ്യം.  "ഹേയ്" എന്ന് പറഞ്ഞു രോഹിണി പുറത്തു സ്കൂള്‍ ഗ്രൌണ്ടില്‍ കുട്ടികള്‍ കളിക്കുന്നത് നോക്കി തന്നെ ഇരുന്നു. വെളവന്‍ ഒരു കള്ളച്ചിരിയോടെ തന്‍റെ ബാഗുമെടുത്തു പോയി. രണ്ടു നിമിഷം കഴിഞ്ഞാണ് രോഹിണിക്ക് ആ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായത്‌. "ഫ്ഫ" എന്നൊരു ആട്ട് കൊടുക്കാന്‍ അവള്‍ തിരിഞ്ഞപ്പോഴെക്കും വെളവന്‍ സ്ഥലം കാലിയാക്കിയിരുന്നു. "ഹും, അസത്ത്" എന്ന് മനസ്സില്‍ പറഞ്ഞു രോഹിണി തന്‍റെ ബാഗും എടുത്തു വീട്ടിലേക്ക് പുറപ്പെട്ടു.

തിങ്ങലാഴ്ച രാവിലെ അസംബ്ളി കഴിഞ്ഞു തിരികെ ക്ലാസിലേക്ക് നടക്കുമ്പോള്‍ രോഹിണിയുടെ മനസ്സില്‍ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. ആ രണ്ടാമത്തെ മറുക് എഴുതണോ വേണ്ടയോ എന്ന്. ചെറുപ്പത്തില്‍ അച്ഛന്‍റെ സ്കൂട്ടറില്‍ നിന്ന് വീണതിന്റെ മുറിപ്പാട് മുട്ടിലുള്ളത് ഒന്നാമത്തെ വരയില്‍ പൂരിപ്പിച്ചു.  രണ്ടാമത്തെ വര ഒഴിഞ്ഞു തന്നെ കിടന്നു.

ക്ലാസ്സിലെത്തി. ആദ്യത്തെ പിരീഡ് തുടങ്ങി. ആകെ ബഹളമയം. ടീച്ചര്‍ ഓരോരുത്തരെ ആയി വിളിച്ചു അവരവരുടെ കയ്യിലുള്ള പൂരിപ്പിച്ച കടലാസ്സുകള്‍ വാങ്ങി പരിശോധിച്ചു. തെറ്റുള്ളവരുടെ തിരുത്ത് ടീച്ചര്‍ നടത്തി.  സമയം ഇഴഞ്ഞു നീങ്ങി. ക്ലാസ്സില്‍ ബഹളം കൂടി വന്നപ്പോള്‍ ടീച്ചര്‍ അലറി. "സൈലന്‍സ് പ്ലീസ്‌, എല്ലാരും എന്തേലും റിവിഷന്‍ കഴിച്ചേ അടുത്ത ആഴ്ച മോഡല്‍ പരീക്ഷയല്ലേ." ടീച്ചര്‍ തന്‍റെ ജോലി തുടര്‍ന്നു.  പിരീഡ് കഴിയാന്‍ അഞ്ചു നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ടിച്ചര്‍ രോഹിണിയുടെ പേര് വിളിച്ചു. "ഹോ നാശം" എന്ന് മനസ്സില്‍ ശപിച്ചു അവള്‍ കടലാസ്സുമായി ടിച്ചരുടെ അടുത്തേക്ക് നടന്നു. സമയം കഴിഞ്ഞിരുന്നേല്‍ ഇത് സ്റ്റാഫ്‌ റൂമില്‍ പോയി കൊടുക്കാമായിരുന്നു. പക്ഷെ ദൈവം ചതിച്ചു.
ടിച്ചര്‍ കടലാസ്സു വേടിച്ചു പരിശോധിച്ചു.
"എവിടെ രണ്ടാമത്തെ മറുക്? ഒന്ന് മാത്രെ ഇതില്‍ ഉള്ളുല്ലോ?"
"രണ്ടു മറുകില്ല"
"ഇല്ലേ?"
"ഇല്ല"
"അത് പറ്റില്ല. ഒന്ന് കൂടി നോക്ക് എവെടെയെങ്ങിലും ഒരെണ്ണം കൂടി കാണും"

ക്ലാസ്സിന്‍റെ നിശബ്ദതയില്‍ ചില വികൃതി തലകള്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും പൊങ്ങി. പുറം തിരിഞ്ഞു നിന്ന് പരുങ്ങുന്ന രോഹിണിയും അവളോട്‌ സംസാരിക്കുന്ന ടിച്ചറെയും അവര്‍ കണ്ടു. അവരുടെ സംഭാഷണം അവര്‍ ശ്രദ്ധിച്ചു. ആ പല തലകളില്‍ ഒരെണ്ണം വേളവന്‍ പത്രോസിന്‍റെ ആയിരുന്നു.
"എന്താ അവളുടെ പ്രശ്നം?", വേലവന്റെ ആരോടെന്നില്ലാത്ത ചോദ്യം.
"അവള്‍ക്കു ഒരു മറുകെ ഉള്ളു ", ഏതോ മുന്‍ ബെഞ്ച് കാരന്‍റെ ഉത്തരം.
"പാവം" വെളവന്‍റെ സഹതാപം.
രോഹിണി ഷര്‍ട്ടിന്‍റെ ആദ്യത്തെ കുടുക്ക് അഴിച്ചു ടിച്ചറോട് പറഞ്ഞു, "ദ ഇവിടെ ഒരെണ്ണം ഉണ്ട്."
"ആ, എ ബ്ലാക്ക് മോള് ഓണ്‍ ദി ചെസ്റ്റ്‌", എന്ന് പറഞ്ഞു കൊണ്ട് കടലാസ്സില്‍ പൂരിപ്പിച്ചു.
"എടിയേ, അത് മറുകല്ലാ എല്ലാര്‍ക്കും ഒള്ളതാ", വെളവന്‍റെ കമന്‍റ് ക്ലാസ്സിന്‍റെ നിശബ്ദതയെ തുളച്ചു കീറിയതും, മണി അടിച്ചതും ഒരുമിച്ചായിരുന്നു. ക്ലാസ്സില്‍ ചിരിയുടെ സുനാമി തിരമാലകള്‍ അടിച്ചു കയറി.......