Tuesday, May 18, 2010

നിഴല്‍

     ആശുപത്രിയുടെ ആ നീണ്ട മുറിയില്‍ നിശബ്ധത പരന്നിരുന്നു. ചിലര്‍ ബഞ്ചില്‍ കിടന്നുറങ്ങി, ചിലര്‍ നിലത്തു കിടന്നുറങ്ങി, ചിലര്‍ ആ വലിയ വരാന്തയില്‍ എന്തൊക്കെയോ ആലോചിച്ചു ശോക മുഖവുമായി ഉലാത്തിക്കൊണ്ടിരുന്നു. ഇതിലൊന്നും പെടാതെ മറ്റു ചിലര്‍ അവിടെ കെട്ടി നിന്നിരുന്നു നിശബ്ദതയില്‍ തേങ്ങി കരയുന്നുണ്ടായിരുന്നു. ഇത് ആ വരാന്തയിലെ എന്നത്തേയും കാഴ്ച. എന്നും പലരുടെയും കണ്ണീരില്‍ ആ മുറിയുടെ തറ കഴുകി വൃതിയക്കപ്പെട്ടു. പലരും ഇങ്ങനെ കരഞ്ഞു കരഞ്ഞു തളര്‍ന്നു ഉറങ്ങി.  ഊണിനെ കുറിച്ചോ ഉറക്കത്തെ കുറിച്ചോ ആ മുറിയിലുള്ളവര്‍ കാര്യമായി ചിന്തിച്ചിരുന്നില്ല. അവിടെ ഉള്ള എല്ലാവരുടെയും ചിന്തകള്‍ ആ മുറിയുടെ അറ്റത് സ്ഥിതി ചെയ്യുന്ന ഐ സി യു ഇലെ തങ്ങളുടെ ഉറ്റവരുടെ ഓര്‍മ്മകളില്‍ ചെന്ന് നിന്നു.  അവിടെ കരയുന്ന എല്ലാവര്‍ക്കും ഉണര്‍വിലും ഉറക്കത്തിലും ഒറ്റ പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു..... തങ്ങളുടെ ഉറ്റവരെ ജീവിതത്തിലേക്കു തിരുച്ചു കിട്ടണം എന്നു...
     ആശുപത്രിയുടെ നാലാം നിലയിലെ വാര്‍ഡു നമ്പര്‍ 412 ഇല്‍ നിന്നും അയാള്‍ പുറത്തിറങ്ങി. മുറിയില്‍ ഭാര്യ രുക്മണിയും സഹോദരി രമയും പരസ്പ്പരം ആശ്വസിപ്പിച്ചു ഉറങ്ങാന്‍‍ ശ്രമിച്ചു. ആ മുറിയിലെ ആര്‍ക്കും ഉറക്കം വന്നിരുന്നില്ല.... ഉറക്കമില്ലാത്ത രാത്രികള്‍ അവര്‍ തള്ളിനീക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നടന്നു നീങ്ങുന്ന ദിവസങ്ങള്‍....ഇഴയുന്ന രാത്രികള്‍. മാധവന്‍ പതുക്കെ പതുക്കെ പടവുകള്‍ ഇറങ്ങി ചെന്നു. രണ്ടാം നിലയുടെ പടവുകള്‍ ഇറങ്ങി അയാള്‍  വിഷാദമായ മുഖവും ഖനമുള്ള മനസ്സുമായി  ഐ സി യു ഉടെ മുന്‍പിലെ ബഞ്ചിന്‍റെ അടുത്തേക്ക്  ചെന്നു.  ഐ സി യു ഉടെ മുന്നില്‍ അയാള്‍ അല്‍പ്പം നേരം നിന്നു. "അകത്തേക്ക് പ്രവേശനം ഇല്ല " എന്ന ബോര്‍ഡ്‌ ആ ശീതികരിച്ച മുറിയുടെ വാതിക്കല്‍ തൂക്കിയിട്ടിരുന്നു.  പ്രവേശനം ഉണ്ടായിരുന്നാലും ആ മുറിയില്‍ ചെന്നു അവിടെ കിടക്കുന്ന തന്‍റെ മകനെ ഒരു നൂക്ക് കാണുവാന്‍ അയാള്‍ക്കു മനക്കരുത്തു തീരെ കുറവായിരുന്നു.  മരണത്തിനു തയ്യാറായി കിടക്കുന്ന മകന്‍റെ ശരീരം ഒന്ന് നോക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആ മനുഷ്യന് കരുത്തുണ്ടായിരുന്നില്ല.
     ആശുപത്രി ബഞ്ചിന്‍റെ  ഒരറ്റത്ത് ആ മധ്യവയസ്കന്‍ വിതുമ്പുന്ന ഹൃദയത്തോടെ തല താഴ്ത്തി വിങ്ങി പൊട്ടിയിരുന്നു.  അയാള്‍ ഇരുന്നപ്പോള്‍ ആ ബെന്ചോന്നു ഉലഞ്ഞു. ബെഞ്ചിന്‍റെ കൈചാരിയില്‍ തന്‍റെ കയ്യും കുത്തി, കൈപത്തി കൊണ്ട് താടിക്ക് താങ്ങും കൊടുത്തു അയാള്‍ കുറച്ചു നേരം ഇരുന്നു.  രണട് ദിവസമായിട്ടുള്ള ഈ കാത്തിരിപ്പ്‌ അയാളുടെ മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മനസ്സ് ദുര്‍ഗഡമായ ഈ പാതയിലൂടെ എത്ര സഞ്ചരിക്കണം എന്നു അയാള്‍ ചിന്തിച്ചു. ഈ കാത്തിരിപ്പ്‌ അയാളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു. മരണദൂതന്‍റെ ആ വിളംബരത്തിനു വേണ്ടി കാതോര്‍ത്തിരിക്കുന്ന ആ കാത്തിരിപ്പ്‌ ഒരാള്‍ക്കും വരരുതേ എന്നു അയാള്‍ ആഗ്രഹിച്ചു.    പ്രതീഷയുടെ അവസാന തുള്ളിയും വറ്റിപോയിരിക്കുന്നു.  എങ്കിലും ഒരു അത്ഭുതം നടന്നെങ്ങിലോ എന്നു എല്ലാവരെയും പോലെ അയാളും  ആഗ്രഹിച്ചു, ഒന്ന് കൊതിച്ചു. ഏക പുത്രന്‍റെ ജീവന്  വേണ്ടിയുള്ള ഒരു പിതാവിന്‍റെ അവസാന യാചന അയാളുടെ മനസ്സില്‍ നിറഞ്ഞു നിന്നു. ദൈവങ്ങളില്‍ ആരെങ്കിലും തന്‍റെ ആ യാചന കേള്‍ക്കും എന്ന നേരിയ പ്രതീഷ അയാളുടെ പ്രായമായിത്തുടങ്ങിയ ഹൃദയത്തിന്‍റെ ഏതോ ഇരുണ്ട മൂലയില്‍ മറഞ്ഞിരുന്നു.
     കുറച്ചു നേരം അവിടെ അങ്ങനെ ഇരുന്നപ്പോള്‍ മാധവന്‍ ഐ സി യു ഉടെ ചില്ല് ജാലകതിലെക്ക് നോക്കി. ജാലകത്തിനു ഉള്ളില്‍ ഒരു പച്ച തുണികൊണ്ട് അക കാഴ്ചകള്‍ മറച്ചിരുന്നു. എങ്കിലും അതിലെ  ഒരു ചെറിയ വിടവ് അയാള്‍ ശ്രദ്ധിച്ചു. ആ വിടവിലൂടെ നോക്കുമ്പോള്‍ അകത്തുള്ള ഒരു ചുവര് കാണാം. കുറച്ചു നേരം ആ ചെറിയ വിടവിലൂടെ ആ ചുവര്‍ തന്നെ നോക്കി അയാള്‍ ഇരുന്നു. അധികം വൈകാതെ മാധവന്‍റെ കണ്ണുകള്‍ ആ ചുവരിലെ ഒരു നിഴലിനെ കണ്ടെത്തി. ഐ സി യു ഉടെ അകത്തെ ചുവരിലെ ആ നിഴല്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ആ നിഴല്‍ കഴിഞ്ഞ രണട് ദിവസങ്ങളിലായി അയാള്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.  ചില്ല് വാതില്‍ മറച്ചിരുന്ന ആ പച്ച തുണി കാറ്റില്‍ അനങ്ങുമ്പോഴും, ഡോക്റെര്മാരും നേഴ്സുമാരും ആ മുരിയിലെക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള ചെറിയ ചെറിയ അവസരങ്ങളില്‍ തുറക്കുന്ന വാതിലിനിടയിലൂടെ ആ നിഴല്‍ ആരുടെതാണെന്നും അല്ലെങ്ങില്‍ എന്തിന്‍റെതാണെന്നും അറിയാന്‍ അയാള്‍ പല തവണ ശ്രമിച്ചിരുന്നു.
     ഒരു മനുഷ്യന്‍റെ ഏകദേശ രൂപമാണ് ആ നിഴലിനുള്ളത്. അസാമാന്യമായ പൊക്കവും വലുപ്പവും അതിനു തോന്നിപ്പിച്ചു.  ഒരു മനുഷ്യന്‍റെതാണെങ്കില്‍ അത് ആണോ പെണ്ണോ? ഇത്രയും നേരം ഒരു അനക്കവും ഇല്ലാതെ ആ രൂപം എന്തിനു അങ്ങനെ നില്‍ക്കണം? ഇനി അവിടെയുള്ള വല്ലോ വസ്ത്തുക്കളുടെയും നിഴലാണെങ്കില്‍ അത് നല്ല ഉയരമുള്ള വല്ലോ ഷെല്‍ഫുമായിരിക്കണം. എന്നാല്‍ അങ്ങിനെ ഒന്ന് അവിടെ ഇല്ലെന്നു രണട് ദിവസത്തെ നിരീഷണത്തില്‍ നിന്നും മാധവന് ഏകദേശം ഉറപ്പാണ്‌.  എങ്കിലും ആ നിഴലിനെ അയാള്‍ കാണുനുണ്ട്. ഒന്ന് അയാള്‍ക്ക് ഉറപ്പാണ്‌ ആ നിഴല്‍ നീങ്ങുന്നില്ല. ഒരു മനുഷ്യ രൂപമായി തന്നെ മാധവനു അത് തോന്നിപിച്ചു. മകന്‍റെ അവസ്ഥ ഗുരുതരമാണെന്നും രക്ഷപെടാന്‍ ഒരു  ശതമാനം പോലും അവസരം ഉണ്ടെന്നു പറയാന്‍ ആകില്ലെന്നും ഡോക്ടര്‍ തന്‍റെ സഹോദരനോട് പറയുന്നത് കേട്ടതിനു ശേഷമാണു മാധവന്‍ ആ നിഴലിനെ ശരിക്കും ശ്രദ്ധിക്കുകയും അതിനെ കുറിച്ച് വല്ലാതെ അസ്വസ്തനാകുകയും ചെയ്തു തുടങ്ങിയത്. അതിനു മുന്‍പും ആ നിഴല്‍ അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് അയാള്‍ ആലോചിച്ചു നോക്കിയെങ്കിലും കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.
     എപ്പോഴാണ് താന്‍ ഉറങ്ങിപ്പോയതെന്നു മാധവനു വ്യക്തമായി ഓര്‍മ്മയില്ല. അയാള്‍ ഇരിക്കുന്ന വരാന്തയിലെ ബെഞ്ചിന് അടുത്ത് കുറച്ചാളുകള്‍ വന്നു കൂടി. പുറകെ കുറച്ചു സ്ത്രീകളും. വന്നപാടെ കരച്ചിലും ബഹളവുമായി. വീണ്ടും വരാന്ത ഉണര്‍ന്നു. ഈ പ്രക്രിയ മാധവനു പരിചയമായി കഴിഞ്ഞിരുന്നു. ആരോ ഒരാള്‍ കൂടി വിട വാങ്ങുകയായി. ഉറക്കം അയാളില്‍ നിന്ന് ഒഴിഞ്ഞു പോയി. ആ ബെഞ്ചില്‍ ആയാല്‍ നിവര്‍ന്നിരുന്നു അവിടെ കൂട്ടം കൂടി നിന്നവരെ അയാള്‍ നോക്കിയിരുന്നു.  കരച്ചിലും, നെഞ്ഞതത്തടിയും, ഞെരുങ്ങിയും, തെങ്ങിയുമുള്ള കരച്ചിലും കൊണ്ട് അന്തരീഷതിനു ഖനം കൂടി കൂടി വന്നു. വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 5 : 30  മണിയായിരിക്കുന്നു. ഒരു ചായ കുടിക്കുവാന്‍ മാധവന്‍ പതുക്കെ കാന്റിനിലേക്ക് നടന്നു തുടങ്ങി. പടികള്‍ ഇറങ്ങുവാന്‍ തുടങ്ങുന്നതിനു മുന്‍പ് അയാള്‍ ഒന്ന് കൂടി ചില്ലു വാതിലിന്‍റെ പഴുതിലൂടെ നോക്കി. ആ നിഴല്‍ അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍. അത് അവിടെ തന്നെ ഉണ്ടെന്നാണ് അയാള്‍ക്ക്‌ തോന്നിയത്.
     കാന്റീനില്‍ നിന്നും ചായ കുടിച്ച ശേഷം മാധവന്‍ ലിഫ്റ്റ്‌ വഴി നാലാം നിലയില്‍ എത്തി. രുക്മണിയും സഹോദരിയും കരഞ്ഞു ഷീനിച്ചു രാത്രിയില്‍ എപ്പോഴോ ഉറക്കം പിടിച്ചിരുന്നു. ഒരു നിമിഷം ഒന്ന് മടിച്ചു നിന്ന ശേഷം അവരെ അയാള്‍ പതുക്കെ ഉണര്‍ത്തി. അവര്‍ക്കുള്ള ഭക്ഷണവും ഫ്ലാസ്ക്കില്‍ മൂന്ന് ചായയും വരുത്തിച്ചു. അവര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് അയാള്‍ ഒന്ന് കുളിച്ചു ഉന്മേഷം വീണ്ടെടുക്കാന്‍ ഒരു ശ്രമം നടത്തി. തണുത്ത വെള്ളത്തിലുള്ള ആ കുളി ശരീരത്തിനു കുറച്ചു ഉന്മേഷം പറക്ന്നു. പക്ഷെ മനസ്സിലെ മരവിപ്പിന് ഒരു കുറവും അനുഭവപ്പെട്ടില്ല.
     ഏഴു മണിക്കാണ് ഡോക്ടര്‍ റവുണ്ട്സിനു വരുന്നത്. അതിനു മുന്‍പേ മാധവനും രുക്മണിയും ഐ സി യു യുടെ മുന്നിലെ ബഞ്ചില്‍ സ്ഥാനം പിടിച്ചു. മകനെ കുറിച്ചു ഓര്‍മ്മകളില്‍ അവര്‍ താത്കാല ആശ്വാസം കണ്ടെത്തി, ഒപ്പം ഡോക്ടര്‍ ഇന്ന് എന്ത് പറയും എന്നുള്ള ആദിയും അവരെ അലട്ടികൊണ്ടിരുന്നു.  രാവിലെ തന്നെ ബന്ധുക്കള്‍ വന്നു തുടങ്ങിയിരുന്നു. അവരില്‍ ചിലര്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മുഴുകി. ഏഴര മണി സമയമായപ്പോള്‍ ഡോക്ടര്‍ റൌണ്ട്സു  പൂര്‍ത്തിയാക്കി ഐ സി യു യുടെ വാതില്‍ക്കല്‍ വന്നു രുകമണിയുടെ സഹോധരനൊട് അടുത്ത് വരാന്‍ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു. അയ്യാള്‍ വേഗം ഡോക്ട്ടറുടെ അടുത്തേക്ക് ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. നിലത്ത് നോക്കി നിഷേധ ഭാവത്തില്‍ ശിരസ്സ് ആട്ടി കൊണ്ട് ഡോക്ടര്‍ തന്‍റെ മുറിയിലേക്ക് കയറിപ്പോയി.  രുക്മണിയുടെയും മാധവന്‍റെയും അടുത്തേക്ക് തരിച്ചു നടന്ന അയാളുടെ ചുറ്റും ബന്ധുക്കള്‍ കൂടി നിന്നു. "ഹാര്‍ട്ട് ബീറ്റ്‌ കുറഞ്ഞു വരുകയാണ്. ഇപ്പൊ തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇന്ന് എപ്പോ വേണമെങ്കിലും സംഭവിക്കാം", അയാളുടെ വാക്കുകള്‍ ഇടറി. രുക്മിണിക്ക് തലകറങ്ങുന്നത് പോലെ തോന്നി. അവര്‍ മോഹാത്സ്യപ്പെട്ട് മാധവന്‍റെ മടിയിലോട്ട് വീണു. ബന്ധുക്കളില്‍ ചിലര്‍ അവരെ താങ്ങി എടുത്തു മുറിയില്‍ എത്തിച്ചു. മാധവന്‍ വിതുംബികൊണ്ട് ചുട്ടു നീറുന്ന ഒരു ഹൃദയവുമായി ബഞ്ചില്‍ തന്നെ ഇരുന്നു. സമാധാനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ അയാളുടെ സഹോദരന്മാര്‍ അയാള്‍ക്ക് ചുറ്റും നിന്നു. അയാള്‍ക്ക്‌ ഒന്ന് ഉറക്കെ കരയണമേന്നുണ്ടായിരുന്നു. അയാളുടെ മനസ്സില്‍ "മോനെ" എന്നൊരു തേങ്ങള്‍ നിലനിന്നു. അയാള്‍ക്ക്‌ മാത്രം കേള്‍ക്കാവുന്ന ഒരു തേങ്ങല്‍. കലങ്ങിയ കണ്ണുകള്‍ കൊണ്ട് അയാള്‍ വീണ്ടും ആ നിഴലിനെ നോക്കി കണ്ടു. ആ രൂപത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മകന്‍റെ ഓര്‍മകളുമായി മാധവന്‍ അതിനെ തന്നെ നോക്കി ഇരുന്നു.
     ഒമ്പതര മണിയായപ്പോള്‍ നെഴ്സുമാരില്‍ ചിലര്‍ ഡോക്ടറുടെ മുറിയിലേക്ക് ധൃതിയില്‍ കയറിപ്പോയി. അവര്‍ തിരിച്ചു മുറിയില്‍ നിന്നു ഇറങ്ങുമ്പോള്‍ ഡോക്ടറും കൂടെ ഉണ്ടായിരുന്നു. ഐ സി യു വിലേക്ക് അവര്‍ വേഗത്തില്‍ കയറിപ്പോയി. അവര്‍ക്ക് പിന്നില്‍ ആ ചില്ല് വാതില്‍‍ വേഗത്തില്‍ അടഞ്ഞു. അല്‍പ്പം കഴിഞു ഡോക്ടര്‍ പുറത്തേക്കു ഇറങ്ങി വന്നു. അയാള്‍ മാധവന്‍റെ അടുത്തേക്ക് നടന്നു അടുത്തു. മാധവന്‍ ഡോക്ടറുടെ മോഖത്തോട്ടു തന്നെ നോക്കി ഇരുന്നു.
" ഐ എം സോറി, ഒന്നും ചെയ്യാന്‍ പറ്റിയില്ല, എല്ലാം തീര്‍ന്നു. " മാധവന്‍റെ ചുമലില്‍ കൈവച്ചു കൊണ്ട് ഡോക്ടര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തീര്‍ത്തു. നിലവിളികളും, വിതുംബലുകളും കൊണ്ടു ആ മുറി നിറഞ്ഞു. അടുത്തിരിക്കുന്ന ഒരു സുഹൃത്തിനെ കേടിപിടിച്ചു കൊണ്ടു മാധവന്‍ ഉറക്കെ കരഞ്ഞു. നാലാം നിലയിഎല്‍ വാര്‍ഡും വ്യത്യന്‍സ്തമായിരുന്നില്ല.
     മകന്‍റെ ജീവനറ്റ ശരീരം വീട്ടിലേക്കു കൊണ്ടുപോകുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ബന്ധുക്കള്‍ ചെയ്യുന്നത് മാധവന്‍ കരഞ്ഞു തളര്‍ന്ന മിഴികളിലൂടെ കണ്ടു. ഒന്നും നിര്‍ദ്ദേശിക്കാനൊ മിണ്ടുവാനൊ ഉള്ള ശക്തി അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല. എല്ലാം തയ്യാറായപ്പോള്‍ വിട്ടിലേക്ക് മടങ്ങുവാന്‍ തുടങ്ങുമ്പോള്‍ സുഹൃത്തിന്‍റെ ചുമലില്‍ തല വച്ച് കാറിലേക്ക് നടക്കുന്ന,  പുത്രനെ നഷ്ടപ്പെട്ട ആ പിതാവ് അവസാനമായി ആ ചില്ല് വാതിലിലൂടെ നോക്കി. അവിടെ ആ നിഴല്‍ ഉണ്ടായിരുന്നില്ല.

പെനകത്തി.

No comments: